മഞ്ജു വാര്യര്‍ തിരിച്ചുവരവ് നടത്തിയ 'ഹൌ ഓള്‍ഡ് ആര്‍ യു' തമിഴില്‍ റീമേക്ക് ചെയ്യുന്നു എന്നും ജ്യോതിക നായികയാകുന്നു എന്നുമുള്ള വാര്‍ത്ത ഏവരും വായിച്ചിരിക്കുമല്ലോ. പുതിയ ഒരു വിശേഷത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. സൂര്യയുടെ നായികയായി മഞ്ജു വാര്യര്‍ അഭിനയിക്കുമോ?
നേരത്തേ തന്നെ മഞ്ജു വാര്യര്‍ സൂര്യയുടെ ഇഷ്ടനടിയാണ്. ഹൌ ഓള്‍ഡ് ആര്‍ യു വന്നപ്പോഴേക്കും സൂര്യ ആ അഭിനയപ്രതിഭയുടെ ഫാനായി മാറി എന്നുപറയാം. എന്തായാലും ചില കാര്യങ്ങള്‍ ഒത്തുവരികയാണെങ്കില്‍ സൂര്യയുടെ നായികയായി മഞ്ജു വാര്യരെ ഉടന്‍ പ്രതീക്ഷിക്കാം.
തമിഴ് - തെലുങ്ക് സംവിധായകന്‍ വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ അടുത്തതായി അഭിനയിക്കുന്നത്. ഇപ്പോള്‍ അഭിനയിക്കുന്ന 'മാസ്' എന്ന സിനിമയ്ക്ക് ശേഷം ആ പ്രൊജക്ട് ആരംഭിക്കാനാണ് പദ്ധതി. ആ സിനിമയില്‍ സൂര്യയുടെ നായികയായി മഞ്ജു എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
വിക്രം കെ കുമാര്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഈ ചര്‍ച്ചയ്ക്ക് ആധാരം. താന്‍ മഞ്ജു വാര്യരുടെ കടുത്ത ആരാധകനാണെന്നും തന്‍റെ സിനിമയില്‍ ഒരു ഗംഭീര സ്ത്രീ കഥാപാത്രം വന്നാല്‍ അത് മഞ്ജു വാര്യര്‍ അഭിനയിക്കണമെന്നാണ് ആഗ്രഹമെന്നും വിക്രം കെ കുമാര്‍ പറയുന്നു.
"നമ്മുടെ തലമുറയിലെ ഗ്രേറ്റസ്റ്റ് എന്നൊക്കെ വിശേഷിപ്പിക്കാവുന്ന നടിയാണ് മഞ്ജു വാര്യര്‍. എന്‍റെ ഏറ്റവും ഫേവറിറ്റ് നായികമാരില്‍ ഒരാള്‍" - വിക്രം പറഞ്ഞു. തന്‍റെ അടുത്ത സിനിമ സൂര്യയ്ക്കൊപ്പമാണെന്നും അതിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്നും വിക്രം കെ കുമാര്‍ പറഞ്ഞു. ഒരു നല്ല സ്ത്രീ കഥാപാത്രം വന്നാല്‍ അതിലേക്ക് മഞ്ജുവിനെ ക്ഷണിക്കുമെന്നും വിക്രം അറിയിച്ചു.