സുന്ദരിയമ്മ കൊലക്കേസുമായി മധുപാല്‍!

Webdunia
തിങ്കള്‍, 16 മാര്‍ച്ച് 2015 (14:25 IST)
മധുപാല്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണെന്ന് സൂചന. അടുത്തകാലത്ത് മാധ്യമങ്ങളുടെ തലക്കെട്ടുകളായി മാറിയ സുന്ദരിയമ്മ കൊലക്കേസാണ് തന്‍റെ പുതിയ സിനിമയ്ക്കായി മധുപാല്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
 
ഹോട്ടലുകള്‍ക്ക് ഇഡ്ഡലിയുണ്ടാക്കി നല്‍കി ജീവിച്ചിരുന്ന സുന്ദരിയമ്മ എന്ന 66കാരിയെ കോഴിക്കോട്ട് അരക്കിണറിലെ തന്‍റെ വസതിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് 2012 ജൂലൈ 21നാണ്. ഈ സംഭവത്തെക്കുറിച്ച് ജീവന്‍ ജോബ് തോമസ് ഒരു ലേഖനമെഴുതിയിരുന്നു. ഈ ലേഖനമാണ് മധുപാലിന്‍റെ സിനിമയ്ക്ക് ആധാരമാകുന്നത്.
 
സുന്ദരിയമ്മയെ രാത്രിയില്‍ വീട്ടില്‍ കയറി വെട്ടിക്കൊന്ന കേസില്‍ പൊലീസ് പിടികൂടിയയാളെ പിന്നീട് നിരപരാധിയെന്ന് മനസിലാക്കി കോടതി വിട്ടയച്ചിരുന്നു. തെളിവുകള്‍ കെട്ടിച്ചമച്ച് ഒരാളെ ബോധപൂര്‍വം പ്രതിയാക്കുകയായിരുന്നു എന്ന് കോടതി കണ്ടെത്തി. അന്വേഷണോദ്യോഗസ്ഥനില്‍ നിന്നും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി ഈടാക്കി പ്രതിയായി അവതരിപ്പിക്കപ്പെട്ടയാള്‍ക്ക് നല്‍കാനും കോടതി വിധിച്ചിരുന്നു. 
 
മധുപാലിന്‍റെ അടുത്ത ചിത്രം മോഹന്‍ലാലിനെ നായകനാക്കിയാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ പ്രൊജക്ടിലാണോ മോഹന്‍ലാല്‍ നായകനാകുന്നത് എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
 
മധുപാല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം തല്ലപ്പാവ്, നക്സല്‍ വര്‍ഗീസിന്‍റെ പോരാട്ടജീവിതമാണ് വിഷയമാക്കിയത്. രണ്ടാമത്തെ സിനിമയായ ഒഴിമുറിയും ഏറെ പ്രശംസ നേടിയതാണ്.

ചിത്രത്തിന് കടപ്പാട്: മധുപാലിന്‍റെ ഫേസ്ബുക്ക് പേജ്