സിബിഐ ഫ്രം ഡല്‍ഹി - കുറ്റാന്വേഷണ ചിത്രവുമായി ഷാജി കൈലാസ്

Webdunia
ചൊവ്വ, 10 സെപ്‌റ്റംബര്‍ 2013 (15:17 IST)
PRO
കെ മധു - എസ് എന്‍ സ്വാമി ടീമിന്‍റെ സി ബി ഐ സീരീസിലെ അഞ്ചാം ചിത്രത്തില്‍ ആരാണ് കേസ് അന്വേഷണം നടത്തുക? മമ്മൂട്ടിയുടെ സേതുരാമയ്യരോ സുരേഷ്ഗോപിയുടെ ഹാരിയോ? ഇതു സംബന്ധിച്ച ചൂടുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ സി ബി ഐ സീരീസില്‍ മമ്മൂട്ടി തന്നെ നായകനാകുമെന്ന് കെ മധു അറിയിച്ചിട്ടുണ്ട്. എസ് എന്‍ സ്വാമിയുടെ ഒരു അഭിമുഖമാണ് കണ്‍‌ഫ്യൂഷന് കാരണമായത്.

എന്തായാലും അതൊക്കെ പോകട്ടെ, അനൂപ് മേനോന്‍ സി ബി ഐ ഉദ്യോഗസ്ഥനായി അഭിനയിക്കുന്നതാണ് പുതിയ വാര്‍ത്ത. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഡല്‍ഹിയില്‍ നിന്നുവരുന്ന സി ബി ഐ ഉദ്യോഗസ്ഥനായി അനൂപ് എത്തുന്നത്. ഒരു മര്‍ഡര്‍ മിസ്റ്ററിക്ക് പിന്നാലെ തന്‍റെ തോക്കും ലെന്‍‌സും കൈയുറകളുമായി അന്വേഷണത്തിനിറങ്ങുന്ന ഈ ഉദ്യോഗസ്ഥന്‍റെ കഥ അങ്ങേയറ്റം ത്രില്ലടിപ്പിക്കുന്ന രീതിയില്‍ ഒരുക്കാനാണ് ഷാജി കൈലാസ് ശ്രമിക്കുന്നത്. ‘സിബിഐ ഫ്രം ഡല്‍ഹി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കോമഡിച്ചിത്രങ്ങളായ മദിരാശിക്കും ജിഞ്ചറിനും ശേഷം തന്‍റെ ഫേവറിറ്റ് വിഷയമായ കുറ്റാന്വേഷണത്തിലേക്ക് ഷാജി കൈലാസ് ക്യാമറ തിരിക്കുകയാണ്. രാജേഷ് ജയരാമനാണ് ‘സിബിഐ ഫ്രം ഡല്‍ഹി’യുടെ തിരക്കഥാകൃത്ത്.

സുരേഷ്ഗോപിയെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയ സംവിധായകനാണ് ഷാജി കൈലാസ്. ശിവം എന്ന ചിത്രത്തിലൂടെ ബിജു മേനോനെയും അസുരവംശത്തിലൂടെ മനോജ് കെ ജയനെയും സൂപ്പര്‍താരങ്ങളാക്കി മാറ്റാന്‍ ശ്രമിച്ച് പരാജയപ്പെട്ട സംവിധായകനുമാണ് അദ്ദേഹം. എന്തായാലും ഈ ത്രില്ലറിലൂടെ അനൂപ് മേനോന് താരപരിവേഷം നല്‍കാന്‍ ഷാജി കൈലാസിന് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.