സലാം കാശ്മീര്‍ - സുരേഷ്ഗോപി തിരിച്ചുവരുന്നു!

Webdunia
വ്യാഴം, 30 മെയ് 2013 (17:51 IST)
PRO
‘ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ - സുരേഷ്ഗോപിയെ മലയാള സിനിമയില്‍ അവസാനം കണ്ടത് ആ ചിത്രത്തിലാണ്. അതിന് ശേഷം ‘കോടീശ്വരന്‍’ എന്ന ടി വി ഷോ അവതരിപ്പിച്ചും ഷങ്കറിന്‍റെ ‘ഐ’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചും ഒതുങ്ങിനില്‍ക്കുകയായിരുന്നു സുരേഷ്ഗോപി. മലയാള സിനിമയില്‍ നിന്ന് അകന്നുനിന്ന കാലത്ത് പ്രതിഫലവും വര്‍ദ്ധിപ്പിച്ചു താരം. ഇപ്പോള്‍ ഒരു കോടി രൂപയാണ് പ്രതിഫലം.

ജോഷി സംവിധാനം ചെയ്യുന്ന ‘സലാം കാശ്മീര്‍’ എന്ന ചിത്രത്തിലൂടെ സുരേഷ്ഗോപി മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ്. എണ്‍പത് ശതമാനത്തോളം കാശ്മീരില്‍ ചിത്രീകരിക്കുന്ന ഈ സിനിമയില്‍ സുരേഷ്ഗോപിക്കൊപ്പം ജയറാമും നായകതുല്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സലാം കാശ്മീരിന്‍റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. സേതു തിരക്കഥയെഴുതുന്ന ഈ സിനിമ മിലിട്ടറിയുടെ പശ്ചാത്തലത്തില്‍ ഒരു കോമഡി ആക്ഷന്‍ ത്രില്ലറാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് സുരേഷ്ഗോപി പട്ടാളവേഷത്തിലെത്തുന്നത്.

ജോഷിയും സുരേഷ്ഗോപിയും മുമ്പ് ഒത്തുചേര്‍ന്നപ്പോഴൊക്കെ വമ്പന്‍ ഹിറ്റുകള്‍ പിറന്നിട്ടുണ്ട്. ലേലം, പത്രം, ട്വന്‍റി20, ക്രിസ്ത്യന്‍ ബ്രദേഴ്സ് തുടങ്ങിയ മെഗാഹിറ്റുകളുടെ പട്ടികയിലേക്ക് സലാം കാശ്മീരും എത്തുമോ എന്ന് കാത്തിരുന്ന് കാണാം.