സമയം തികയുന്നില്ലേ? പ്രഭുദേവയെ കണ്ടുപഠിക്കൂ...

Webdunia
ചൊവ്വ, 26 ഏപ്രില്‍ 2011 (14:27 IST)
IFM
ഒരേസമയം പല കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും നമ്മള്‍. അതുകൊണ്ടുതന്നെ ഒന്നും അത്ര കൃത്യമായോ പെര്‍ഫെക്ടായോ ചെയ്യാന്‍ കഴിഞ്ഞെന്നും വരില്ല. ‘ഒന്നിനും സമയം തികയുന്നില്ല’ എന്ന പരാതി ബാക്കിയാവുകയും ചെയ്യും. എന്നാല്‍ ഡാന്‍സറും നടനും സംവിധായകനുമായ പ്രഭുദേവയെ നോക്കൂ. എന്തൊക്കെ കാര്യങ്ങളാണ് അദ്ദേഹം ഒരേസമയം ചെയ്യുന്നത്. അതും എത്ര മനോഹരമായി!

പ്രഭുദേവ ഇപ്പോള്‍ ഹൈദരാബാദില്‍ തന്‍റെ പുതിയ ആക്ഷന്‍ സിനിമയുടെ ലൊക്കേഷനിലാണ്. വിശാല്‍ - സമീര റെഡ്ഡി ജോഡി കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ ക്ലൈമാക്സ് രംഗങ്ങളാണ് അവിടെ ചിത്രീകരിക്കുന്നത്. ‘ശൌര്യം’ എന്ന തെലുങ്ക് സിനിമയുടെ റീമേക്കായ ഈ സിനിമയില്‍ വിശാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനായാണ് അഭിനയിക്കുന്നത്. സിനിമയുടെ 85 ശതമാനം ഷൂട്ടിംഗും പ്രഭുദേവ പൂര്‍ത്തിയാക്കിക്കഴിഞ്ഞു!

വളരെ പെട്ടെന്ന് തീരുമാനങ്ങളെടുക്കുന്നതില്‍ വിദഗ്ധനാണ് പ്രഭുദേവ. അത് സിനിമയുടെ കാര്യത്തിലായാലും ജീവിതത്തിന്‍റെ കാര്യത്തിലായാലും. എല്ലാ തീരുമാനങ്ങളും ജെറ്റ് വിമാനത്തിന്‍റെ വേഗത്തിലായിരിക്കും. വിശാല്‍ ചിത്രത്തിന് വേണ്ടി സോഫീ ചൌധരിയുടെ ഒരു നൃത്തരംഗം യൂറോപ്പില്‍ ചിത്രീകരിക്കേണ്ടതുണ്ടായിരുന്നു. എന്നാല്‍ വിസാ പ്രോബ്ലം കാരണം സംഗതി നടക്കുമോ എന്ന് ആശയക്കുഴപ്പമുണ്ടായി. ഒട്ടും വൈകിയില്ല, യൂറോപ്പ് ട്രിപ്പ് ക്യാന്‍സല്‍ ചെയ്തു. നാട്ടില്‍ സെറ്റിട്ട് ഗംഭീരമായി ഷൂട്ട് ചെയ്തു!

പ്രഭുദേവ സംവിധാനം ചെയ്ത ‘എങ്കേയും കാതല്‍’ എന്ന ലവ് സ്റ്റോറിയുടെ റിലീസ് മേയ് ആറിനാണ്. ഇതിന്‍റെ ഒരു പ്രൊമോഷന്‍ പരിപാടിയും ഈയിടെ ഷൂട്ടുചെയ്തു. ഇതിനിടെ മുംബൈയിലെത്തി ഹിറ്റ്മേക്കര്‍ സഞ്ജയ് ലീലാ ബന്‍സാലിയുമായി ചര്‍ച്ച നടത്താനും പ്രഭുദേവ സമയം കണ്ടെത്തി. അക്ഷയ് കുമാറിനെ നായകനാക്കി ബന്‍സാലി നിര്‍മ്മിക്കുന്ന പുതിയ ഹിന്ദി ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്.

അതേസമയം തന്നെ, മലയാളത്തില്‍ വന്‍ ഹിറ്റായി മാറിയ ‘ഉറുമി’ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടികളിലും പ്രഭുദേവയുടെ സാന്നിധ്യമുണ്ടായിരുന്നു.

തന്‍റെ പ്രണയിനി നയന്‍‌താരയുമായി സമയം ചെലവഴിക്കാനും ഇതിനിടെ പ്രഭുദേവ ശ്രദ്ധിക്കുന്നു. ജൂലൈയില്‍ ഇവര്‍ വിവാഹിതരാകുമെന്നാണ് സൂചന. ഭാര്യ റം‌ലത്തിനുള്ള നഷ്ടപരിഹാരത്തിന്‍റെ കൈമാറ്റവും കോടതിനടപടികളും ഇതിനിടെ പ്രഭുദേവ പൂര്‍ത്തിയാക്കി വരുന്നു. മാത്രമല്ല, തന്‍റെ കുട്ടികളെ പുതിയ ഹിറ്റ് സിനിമ കാണിക്കാനും പ്രഭുദേവ ടൈം കണ്ടെത്തി.

തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി ഒട്ടേറെ നിര്‍മ്മാതാക്കള്‍ തങ്ങളുടെ പുതിയ പ്രൊജക്ടുകള്‍ക്കുവേണ്ടി പ്രഭുദേവയുമായി ചര്‍ച്ചകള്‍ നടത്തി വരുന്നു.

ഇനി പറയൂ, സമയം എങ്ങനെ വിനിയോഗിക്കണമെന്ന് പ്രഭുദേവയെ കണ്ടു പഠിക്കണം അല്ലേ? വെറുതെയല്ല, സാക്ഷാല്‍ സല്‍‌മാന്‍ ഖാന്‍ പ്രഭുദേവയെ ‘മിസ്റ്റര്‍ പെര്‍ഫെക്ട്’ എന്ന് വിശേഷിപ്പിച്ചത്.