സഞ്ജയ് ദത്ത് നിര്‍മ്മാതാവ്, സംവിധാനം പ്രഭുദേവയും രാജ്കുമാര്‍ ഹിറാനിയും!

Webdunia
തിങ്കള്‍, 28 സെപ്‌റ്റംബര്‍ 2015 (18:17 IST)
1993 സ്ഫോടനക്കേസില്‍ ജയില്‍‌വാസം അനുഭവിക്കുന്ന സഞ്ജയ് ദത്ത് സിനിമാ നിര്‍മ്മാണരംഗത്ത് സജീവമാകാനൊരുങ്ങുന്നു. ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് പ്രഭുദേവയാണ്. ഈ ചിത്രത്തിനായി സഞ്ജയ് ദത്തിന്‍റെ ഭാര്യ മാന്യതയുമായി പ്രഭുദേവ കരാര്‍ ഒപ്പിട്ടു.
 
പ്രഭുദേവ ചിത്രം കഴിഞ്ഞാല്‍ രാജ്കുമാര്‍ ഹിറാനിയുടെ സിനിമയായിരിക്കും സഞ്ജയ് ദത്ത് നിര്‍മ്മിക്കുക. സഞ്ജയ് ദത്തിന്‍റെ ജീവിതകഥ തന്നെയാണ് ഹിറാനി സിനിമയാക്കുന്നത്. രണ്‍ബീര്‍ കപൂറാണ് ആ ചിത്രത്തില്‍ സഞ്ജയ് ദത്തായി അഭിനയിക്കുന്നത്.
 
ഈ സിനിമയുടെ തിരക്കഥാ രചനയിലാണ് ഇപ്പോള്‍ രാജു ഹിറാനിയും സഹ എഴുത്തുകാരന്‍ അഭിജാത് ജോഷിയും. 2016ല്‍ ഈ പ്രൊജക്ടിന്‍റെ ചിത്രീകരണം ആരംഭിക്കും. 
 
അതേസമയം, മുന്നാഭായി സീരീസിലെ മൂന്നാമത്തെ ചിത്രത്തേക്കുറിച്ചും ഏകദേശം ധാരണയാകുന്നു. രാജ്കുമാര്‍ ഹിറാനി തന്നെ ചിത്രം സംവിധാനം ചെയ്യും. ഈ സിനിമ ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് രാജു ഹിറാനി നേരത്തേ വ്യക്തമാക്കിയിരുന്നു. അതേത്തുടര്‍ന്ന് നിര്‍മ്മാതാവ് വിധു വിനോദ് ചോപ്ര സംവിധായകന്‍ സുഭാഷ് കപൂറുമായി ഈ പ്രൊജക്ട് ചര്‍ച്ച ചെയ്യുകയും അഡ്വാന്‍സ് നല്‍കുകയും ചെയ്തു. എന്നാല്‍, താന്‍ തന്നെ ഈ പ്രൊജക്ട് സംവിധാനം ചെയ്യുമെന്ന് രാജ്കുമാര്‍ ഹിറാനി അറിയിച്ചതിനെ തുടര്‍ന്ന് സുഭാഷ് കപൂര്‍ പിന്‍‌മാറി. സഞ്ജയ് ദത്ത് തന്നെയാണ് മുന്നാഭായിയാകുന്നത്.