ഷാരൂഖിന്റെ ആത്മകഥാ രചന പുരോഗമിക്കുകയാണ്. സ്വന്തം കഥയില്‍ തന്നെ കുറിച്ച് ഇതുവരെ വെളിപ്പെടുത്താത്ത കാര്യങ്ങളും ഉണ്ടാവുമോ എന്ന് ആകാംക്ഷയിലാണ് ഷാരൂഖ് ആരാധകര്‍.
ബോളിവുഡ് കിംഗ് ഖാന്‍ “ട്വന്റി ഇയേഴ്സ് ടു എ ഡെക്കേഡ്” എന്ന പേരിലുള്ള ആത്മകഥയുടെ പകുതിയോളം പൂര്‍ത്തിയാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തോളിനേറ്റ പരുക്കും വിശ്രമവും അതിനു ശേഷം വന്ന ഷൂട്ടിംഗ് തിരക്കും എല്ലാം കൂടി ഷാരൂഖിന്റെ എഴുതാനുള്ള സമയം അപഹരിച്ചുകളഞ്ഞു.
തന്റെ പുസ്തകം ഈ വര്‍ഷം പുറത്തിറക്കണമെന്നാണ് ഷാരൂഖ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍, എഴുത്തില്‍ പകുതി ദൂരം ഇനിയും പിന്നിടണമെന്നതിനാല്‍ പ്രകാശനം അടുത്ത വര്‍ഷം പകുതിക്ക് ശേഷമേ നടക്കുകയുള്ളൂ എന്നാണ് ഖാനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പുസ്തക രചനയില്‍ നിന്ന് ഒമ്പത് മാസത്തോളം വിട്ടു നിന്ന ഷാരൂഖ് ഇപ്പോള്‍ എഴുത്തിന്റെ മൂഡിലേക്ക് തിരിച്ചെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തുര്‍ക്കിയില്‍ കുടുംബവുമൊത്ത് അവധിക്കാലം ചെലവഴിക്കുന്ന കിംഗ് ഖാന്‍ ഉല്ലാസവാനായി കഴിഞ്ഞു എന്ന് അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ സാക്‍ഷ്യപ്പെടുത്തുന്നു.
തുര്‍ക്കിയിലെ പഴയൊരു തുറമുഖ നഗരമായ കുസാദാസിയില്‍ നിന്ന് രണ്ട് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ഷാരൂഖ് ഇങ്ങനെ പറയുന്നു, ‘യാത്ര എന്നെ വീണ്ടും റൊമാന്റിക് ആക്കിയിരിക്കുന്നു, എന്നില്‍ സൃഷ്ടിപരമായ ഊര്‍ജ്ജം നിറയുകയാണ്, ഞാന്‍ വീണ്ടും പുസ്തക രചന ആരംഭിച്ചിരിക്കുന്നു’
പൊതു വേദികള്‍ സ്വയം കളിയാക്കി നര്‍മ്മം വിരിയിക്കുന്ന ഖാനെ ലളിതമായ എഴുത്തിന്റെ ശൈലിയിലൂടെ പൂര്‍ത്തിയാവുന്ന പുസ്തകത്തിലും കാണാന്‍ കഴിയും. ഇതിനു പുറമെ, വിജയങ്ങളില്‍ എളിമ പ്രകടിപ്പിക്കുന്ന ഷാരൂഖിന്റെ മറ്റൊരു മുഖവും വായനക്കാരുടെ മുന്നില്‍ അനാവൃതമാവും എന്നാണ് താരത്തിനോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.