ശരത്കുമാറിന്‍റെ മകളുമായി വിശാലിന് ബന്ധം?

Webdunia
വെള്ളി, 12 ഓഗസ്റ്റ് 2011 (13:06 IST)
PRO
കോളിവുഡില്‍ പുതിയ പ്രണയവിവാദം. ആക്ഷന്‍ സ്റ്റാര്‍ വിശാലും സുപ്രീം സ്റ്റാര്‍ ശരത്കുമാറിന്‍റെ മകള്‍ വരലക്ഷ്മിയും കടുത്ത പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ട്. വരലക്ഷ്മിയെ വിവാഹം കഴിക്കാനുള്ള ശ്രമത്തിലാണത്രേ വിശാല്‍. എന്നാല്‍ അതത്ര എളുപ്പമല്ലെന്നും തടസങ്ങള്‍ ഏറെയാണെന്നും തമിഴകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിശാലും വരലക്ഷ്മിയും ഒരുമിച്ച് സിനിമകള്‍ കാണാന്‍ പോകുകയും ഡിന്നര്‍ കഴിക്കുകയും കറങ്ങിനടക്കുകയും ചെയ്തപ്പോഴാണ് ഇവര്‍ പ്രണയത്തിലാണോ എന്ന സംശയം കോടമ്പാക്കം പാപ്പരാസികളുടെ തലയില്‍ ഉദിച്ചത്. വൈകാതെ സംഗതി സത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.

എന്നാല്‍ ഇവരുടെ പ്രണയത്തിന് വില്ലന്‍ വിശാലിന്‍റെ പിതാവ് തന്നെയാണ്. വിശാലിന്‍റെ പിതാവും വലിയ നിര്‍മ്മാതാവുമായ ജി കെ റെഡ്ഡിക്ക് ശരത്കുമാറിനെ തീരെ ഇഷ്ടമല്ലത്രെ. റെഡ്ഡി നിര്‍മ്മിച്ച ‘ഐ ലവ് ഇന്ത്യ’ എന്ന ചിത്രത്തില്‍ മുമ്പ് ശരത്കുമാര്‍ അഭിനയിച്ചിരുന്നു. അന്നുണ്ടായ എന്തോ പ്രശ്നത്തിന്‍റെ പേരില്‍ ശരത്കുമാര്‍ എന്ന് കേള്‍ക്കുന്നതേ റെഡ്ഡിക്ക് ചതുര്‍ത്ഥിയാണ്. അപ്പോള്‍ പിന്നെ ശരത്കുമാറിന്‍റെ മകളെ തന്‍റെ മകന്‍ പ്രണയിച്ചാല്‍ റെഡ്ഡി സമ്മതിക്കുമോ?

എന്തായാലും കഴിഞ്ഞ ദിവസം വിശാലും പിതാവുമായി ഇക്കാര്യത്തില്‍ വലിയ വഴക്കുണ്ടാകുകയും വിശാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തമായി വാങ്ങിയ ഒരു വീട്ടിലാണത്രെ വിശാല്‍ ഇപ്പോള്‍ തങ്ങുന്നത്. ചിലപ്പോള്‍ സ്വന്തം ഓഫീസില്‍ തന്നെയാണ് കിടപ്പെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ വരലക്ഷ്മിയുമായുള്ള പ്രണയം വിശാല്‍ നിഷേധിക്കുകയാണ്. “കഴിഞ്ഞ 20 വര്‍ഷമായി വരലക്ഷ്മിയെ എനിക്ക് അറിയാം. ഞങ്ങള്‍ നല്ല ഫ്രണ്ട്സ് ആണ്. അതുകൊണ്ട് പ്രണയത്തിലാകണമെന്നില്ല” - വിശാല്‍ പറയുന്നു. എന്നാല്‍ ഈ നിഷേധിക്കലൊക്കെ എത്ര കണ്ടിരിക്കുന്നു എന്നാണ് കോടമ്പാക്കം സിനിമാവിശാരദര്‍ ഇപ്പോള്‍ ചോദിക്കുന്നത്.