വെട്രിമാരന്‍ ചിത്രത്തില്‍ ഫഹദ് ഇല്ല, വാര്‍ത്ത തെറ്റ്!

Webdunia
ബുധന്‍, 13 ഫെബ്രുവരി 2013 (14:50 IST)
PRO
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന തമിഴ് - മലയാളം ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നു എന്ന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ തന്‍റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ അഭിനയിക്കുന്നില്ലെന്ന് വെട്രിമാരന്‍ അറിയിച്ചു. ധനുഷ് തമിഴിലും ഫഹദ് മലയാളത്തിലും നായകനാകുന്ന സിനിമയാണ് വെട്രിമാരന്‍ ഒരുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ അങ്ങനെയൊരു ആലോചന പോലും ഉണ്ടായിട്ടില്ലെന്ന് സംവിധായകന്‍ പറഞ്ഞു.

“എന്‍റെ ചിത്രത്തിലേക്ക് ഞാന്‍ ഫഹദിനെ ആലോചിച്ചിട്ടില്ല” - വെട്രിമാരന്‍ പ്രതികരിച്ചു.

“ഒന്നാന്തരം ആക്ടറാണ് ഫഹദ് ഫാസില്‍. അന്നയും റസൂലും എന്ന സിനിമയിലെ അദ്ദേഹത്തിന്‍റെ പെര്‍ഫോമന്‍സ് എനിക്ക് വളരെ ഇഷ്ടമായി. എന്നാല്‍ എന്‍റെ അടുത്ത ചിത്രം ധനുഷിനെ നായകനാക്കിയുള്ള ഒരു തമിഴ് ചിത്രമാണ്. അതൊരു ബഹുഭാഷാ ചിത്രമല്ല. ഫഹദിനെ ഞാന്‍ ആ സിനിമയിലേക്ക് ക്ഷണിച്ചിട്ടുമില്ല” - വെട്രിമാരന്‍ പറഞ്ഞു.

ധനുഷിനെ നായകനാക്കിയുള്ള പുതിയ സിനിമയുടെ ചിത്രീകരണം ജൂണില്‍ ആരംഭിക്കുമെന്നും ചിത്രത്തിന് പേര് തീരുമാനിച്ചിട്ടില്ലെന്നും വെട്രിമാരന്‍ അറിയിച്ചു.

ധനുഷ് നായകനായ പൊല്ലാതവന്‍, ആടുകളം എന്നീ സിനിമകളുടെ സംവിധായകനാണ് വെട്രിമാരന്‍. ആടുകളം എന്ന സിനിമയ്ക്ക് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ആ ചിത്രത്തിലെ അഭിനയത്തിനാണ് ധനുഷിനും ദേശീയ അവാര്‍ഡ് കിട്ടിയത്.