വീണ്ടും മറവത്തൂര്‍ കനവുകള്‍, മമ്മൂട്ടിയെത്തുമെന്ന് സൂചന!

Webdunia
വെള്ളി, 29 ജനുവരി 2016 (20:19 IST)
ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്നു. ലാല്‍ ജോസിന്‍റെ ആദ്യചിത്രമായ ‘ഒരു മറവത്തൂര്‍ കനവ്’ എഴുതിയത് ശ്രീനിവാസനായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിയുടെ തിരക്കഥ ലാല്‍ ജോസ് സിനിമയാക്കുമ്പോള്‍ മലയാളികള്‍ ആകാംക്ഷയോടെ ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട് - ഈ സിനിമയിലും മമ്മൂട്ടിയായിരിക്കുമോ നായകന്‍?
 
ഇക്കാര്യത്തില്‍ ലാല്‍ ജോസ് വ്യക്തമായ ഒരു സൂചന നല്‍കുന്നില്ല. എന്നാല്‍ മമ്മൂട്ടി തന്നെ നായകനായി വരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മമ്മൂട്ടി - ശ്രീനി - ലാല്‍ ജോസ് ടീം വീണ്ടും ഒന്നിച്ചാല്‍ അത് മറവത്തൂര്‍ കനവ് പോലെ ഒരു ഗംഭീര സിനിമയായിരിക്കും എന്നതില്‍ സംശയമില്ല.
 
ഒരു മറവത്തൂര്‍ കനവ്, പട്ടാളം, ഇമ്മാനുവല്‍ എന്നീ ലാല്‍ ജോസ് സിനിമകളിലാണ് മമ്മൂട്ടി നായകനായത്. കേരളാ കഫെയിലെ ‘പുറം‌കാഴ്ചകള്‍’ എന്ന ലാല്‍‌ജോസ് ലഘുചിത്രത്തിലും മമ്മൂട്ടി നായകനായി.
 
ബെന്നി പി നായരമ്പലത്തിന്‍റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രവും ലാല്‍ ജോസ് ചെയ്യുന്നുണ്ട്. ശ്രീനിയുടെയോ ബെന്നിയുടെയോ, ആരുടെ തിരക്കഥയാണ് ആദ്യം പൂര്‍ത്തിയാകുന്നത് എന്നതിനെ ആശ്രയിച്ചുമാത്രമേ ലാല്‍ ജോസിന്‍റെ അടുത്ത ചിത്രം ഏതായിരിക്കുമെന്ന് പറയാനാവൂ.