വിവാഹം ഉടന്‍; നയന്‍‌താര പൊട്ടിക്കരഞ്ഞു!

Webdunia
ചൊവ്വ, 5 ജൂലൈ 2011 (21:09 IST)
PRO
തെന്നിന്ത്യന്‍ താരസുന്ദരി നയന്‍‌താര തന്‍റെ അവസാനചിത്രം പൂര്‍ത്തിയാക്കി. തെലുങ്കില്‍ ‘രാമരാജ്യം’ എന്ന സിനിമയുടെ ഷൂട്ടിംഗ് അവസാനിച്ചു. നയന്‍സ് സിനിമാലോകത്തോട് വിടപറയുകയാണ്. ഇനി പ്രഭുദേവയുമായുള്ള വിവാഹം. പ്രഭു - നയന്‍സ് വിവാഹം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാമരാജ്യം ചിത്രീകരണത്തിന്‍റെ അവസാന ദിവസം നയന്‍‌താര ലൊക്കേഷനില്‍ പൊട്ടിക്കരഞ്ഞു. ചിത്രത്തില്‍ രാമപത്നിയായ സീതാദേവിയായാണ് നയന്‍സ് അഭിനയിക്കുന്നത്. ഷൂട്ടിംഗ് അവസാനിച്ചപ്പോള്‍ നയന്‍സിനു മേല്‍ പൂക്കള്‍ ചൊരിഞ്ഞാണ് യൂണിറ്റ് അംഗങ്ങള്‍ സ്നേഹം പ്രകടിപ്പിച്ചത്.

യൂണിറ്റ് അംഗങ്ങളുടെ സ്നേഹത്തിന്‍റെ തീവ്രത മനസിലാക്കിയ നയന്‍സ് ഇത് തന്‍റെ അവസാന ചിത്രത്തിന്‍റെ അവസാനരംഗമാണെന്ന തിരിച്ചറിവില്‍ പൊട്ടിക്കരയുകയായിരുന്നു. രാമരാജ്യത്തിന്‍റെ സംവിധായകന്‍ ബാപ്പു, നിര്‍മ്മാതാവ് യെലമന്‍‌ചിലി സായി ബാബു തുടങ്ങിയവരുടെ കാല്‍‌തൊട്ട് വന്ദിച്ച് നയന്‍‌താര അനുഗ്രഹം വാങ്ങി.

രാവണവധത്തിനും അഗ്നിപരീക്ഷയ്ക്കും ശേഷമുള്ള ശ്രീരാമ - സീതാ ബന്ധമാണ് രാമരാജ്യത്തില്‍ പ്രമേയമാക്കിയിരിക്കുന്നത്. തെലുങ്കിലാണ് ചിത്രമെങ്കിലും തമിഴ്, മലയാളം, ഹിന്ദി ഭാഷകളില്‍ ചിത്രത്തിന്‍റെ മൊഴിമാറ്റ പതിപ്പുകളെത്തും. സൂപ്പര്‍സ്റ്റാര്‍ ബാലകൃഷ്ണയാണ് ചിത്രത്തില്‍ ശ്രീരാമന്‍റെ വേഷത്തിലെത്തുന്നത്.

ചിത്രീകരണത്തിന്‍റെ അവസാനദിനം സിനിമയുടെ സെറ്റിലുള്ളവര്‍ക്ക് 150 വാച്ചുകളാണ് നയന്‍സ് സമ്മാനമായി നല്‍കിയത്. തന്‍റെ മേക്കപ്പ്‌മാന് ഒരു സ്വര്‍ണമോതിരവും നയന്‍സ് നല്‍കി. ഈ സിനിമയുടെ ചിത്രീകരണ സമയത്ത് കടുത്ത വ്രതത്തിലായിരുന്നു നയന്‍‌താര.

കഴിഞ്ഞ ദിവസമാണ് പ്രഭുദേവയ്ക്കും ഭാര്യ റം‌ലത്തിനും കോടതി വിവാഹമോചനം അനുവദിച്ചത്.