താന്‍ സൃഷ്ടിച്ച പാട്ടുകള്‍ മാറ്റുന്നതിനായി പൃഥ്വിരാജ് ശ്രമിച്ചെന്ന സംഗീത സംവിധായകന്‍ രമേശ് നാരായണന്‍റെ തുറന്നുപറച്ചില്‍ വലിയ വിവാദമായി മാറിയിരിക്കുന്നു. വിവാദം വേറെ തലത്തിലേക്ക് പോകുന്നതായാണ് കാണാനാകുന്നത്. ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യാനിരുന്ന പൃഥ്വിരാജ് ചിത്രം ‘കര്‍ണന്‍’ ഉപേക്ഷിക്കപ്പെട്ടതായി സൂചനകള്‍ വരുന്നു. വിമലും പൃഥ്വിരാജും തമ്മില്‍ തെറ്റിയതായും റൂമറുകള്‍ പ്രചരിക്കുന്നു.
അമ്പത് കോടിക്ക് മേല്‍ ബജറ്റില്‍ ആര്‍ എസ് വിമല്‍ ഒരുക്കാനിരുന്ന സിനിമയാണ് കര്‍ണന്‍. പൃഥ്വിരാജ് നായകനായ സിനിമയുടെ ആദ്യലുക്ക് പോസ്റ്റര്‍ വരെ പുറത്തുവന്നതാണ്. ചിത്രത്തിന്‍റെ ഗവേഷണത്തിനായി ആര്‍ എസ് വിമല്‍ ഉത്തരേന്ത്യന്‍ യാത്രനടത്തിയതും മറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗമായിരുന്നു.
ഇപ്പോള്‍ കേള്‍ക്കുന്നത് പക്ഷേ അത്ര ശുഭകരമായ വാര്‍ത്തയല്ല. ‘കര്‍ണന്‍’ ഉപേക്ഷിക്കാന്‍ പൃഥ്വിരാജ് തീരുമാനിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്ന് നിന്‍റെ മൊയ്തീനിലെ പാട്ടുവിവാദത്തില്‍ ആര്‍ എസ് വിമലിന്‍റെ ചില പ്രതികരണങ്ങളോട് പൃഥ്വിരാജിന് വിയോജിപ്പും അനിഷ്ടവും ഉള്ളതിനാല്‍ ഇനി വിമലുമായി ഒത്തുപോകാന്‍ പറ്റില്ലെന്ന നിലപാട് പൃഥ്വി സ്വീകരിച്ചതായി ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പൃഥ്വിരാജിനെ രമേശ് നാരായണന്‍ കടന്നാക്രമിച്ചിട്ടും ഇക്കാര്യത്തില്‍ പൃഥ്വിരാജ് മൌനം തുടരുന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. വിവാദത്തെപ്പറ്റി ഒരു പ്രതികരണവും പൃഥ്വി നടത്തിയിട്ടില്ല.
‘കര്‍ണന്‍’ ഉപേക്ഷിക്കപ്പെടുകയാണെങ്കില്‍ അത് മലയാള സിനിമയ്ക്ക് തന്നെ വലിയ നഷ്ടമായിരിക്കും. മലയാളത്തില്‍ നിന്ന് ബാഹുബലിക്ക് പകരം വയ്ക്കാനൊരു പ്രൊജക്ട് എന്ന രീതിയിലാണ് കര്‍ണനെ എല്ലാവരും കണ്ടിരുന്നത്.
ഒടുവിലാന്‍: പൃഥ്വിയുടെ കര്‍ണന്‍ ഉപേക്ഷിക്കപ്പെട്ടാലും മമ്മൂട്ടി കര്‍ണനുമായി വരുന്നു എന്നതുകൊണ്ട് വലിയ നിരാശയും നഷ്ടവും മലയാളികള്‍ക്ക് ഉണ്ടാകാനിടയില്ല. എന്നാല്‍ പൃഥ്വിയുടെ ആരാധകര്‍ക്ക് ഇത് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വാര്‍ത്ത തന്നെ!