ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത 'വില്ലൻ' മികച്ച പ്രതികരണവുമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. അതേസമയം, ചിത്രത്തെ കുറിച്ച് മോശം അഭിപ്രായങ്ങളും വന്നിരുന്നു. ഇതിനെതിരെ സംവിധായകൻ സാജിദ് യഹിയ രംഗത്തെത്തിയിരിക്കുകയാണ്.
സാജിദ് യഹിയയുടെ കുറിപ്പ് വായിക്കാം:
യഥാർത്ഥ ആരാധകർക്ക് നായകനാണ് ഈ വില്ലൻ!
പേരിനുമുമ്പിൽ കൊമ്പന് നെറ്റിപ്പട്ടം ചാർത്തിയപോലെ മോഹൻലാൽ ഫാൻസ് കൊണ്ടുനടന്ന ബി ഉണ്ണികൃഷ്ണന്റെ വില്ലൻ മോശമാണ്. ഒരു സിനിമ എന്ന രീതിയിൽ തൃപ്തികരമല്ലാത്ത ഒന്ന്. കാരണം ?
കാരണം പുലിമുരുഗന് ശേഷം അന്നൗൻസ് ചെയ്ത, പീറ്റർ ഹൈന്റെ സംഘടന രംഗങ്ങൾ കോർത്തിണക്കിയ ഒരു ലാലേട്ടൻ ചിത്രത്തിന് നമ്മൾ മനസ്സിൽ കണ്ട മാസ് അപ്പീൽ അതിൽ ഇല്ലത്രെ..എങ്ങനെ ..എങ്ങനെ, എങ്ങനെ, എങ്ങനെ ?
അതായത്, ചിത്രത്തിന്റെ സംവിധായകൻ ഒരു കാലത്തും അവകാശവാദങ്ങൾ ഉന്നയിക്കാത്ത, അയാൾ ചിന്തിച്ചിട്ട് പോലും ഇല്ലാത്ത മാസ് രംഗങ്ങൾ നമ്മൾ സ്വപ്നം കണ്ടു നടന്നു..എന്നിട്ട് ഒരുപാട് മുൻവിധികളോട് കൂടി നമ്മൾ എല്ലാവരും തീയറ്ററിലേക്ക് പോയി...നോക്കുമ്പോൾ പുലിവാഹനം ഇല്ല, പുലി ഇല്ല, മുണ്ടുടുത്ത ലാലേട്ടൻ മാസ് തീരെയില്ല...പടം ഫ്ലോപ്പ്..കൊള്ളത്തില്ല..കാരണം നമ്മൾ ഉദ്ദേശിച്ചതൊന്നും അതിലില്ല..അയ്യേ ..ഇതെന്ത് പടം...പ്രശ്നം സംവിധായകന്റേത് ആണ് ..അയാളുടെ മാത്രം ആണ് ..കാരണം തിരക്കഥ എഴുതാനിരുന്നപ്പോൾ എങ്കിലും ആദ്യ ദിവസം ആദ്യ ഷോക്ക് കയറുന്ന ആൾക്കാരുടെ വീട്ടിൽ പോയി നിങ്ങൾക്കെന്താ വേണ്ടത് എന്ന് അയാൾക്ക് ചോദിക്കാമായിരുന്നു ..മ്ലേച്ചൻ!
അപ്പോൾ പിന്നെ സിനിമ സംവിധാകന്റേത് എന്നും, മോഹൻലാൽ എന്ന പെർഫോർമാരുടേതും ആണെന്ന് കരുതുന്ന ആൾക്കാർ ഇവിടെ ഇല്ലേ ..അവരോ? ..അവർ ഓൺലൈനിൽ വരുന്ന റിവ്യൂസ് വായിച്ചത്രെ..ആര് എഴുതിയത് ? അല്ല ഈ നിരൂപണം, നിരൂപകർ എന്നൊക്കെ പറയുമ്പോ അങ് ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിട്യൂട്ടിൽ ചെന്ന് ഹിച്ച്‌കോക്കിനെയും, ബെർഗ്മാനേം, സ്പിൽബെർഗിനെയും, നിയോ റിയലിസത്തെയും, ഫ്രഞ്ച് ന്യൂ വേവിനെയും ഒക്കെ പോയി അളന്ന് മുറിച്ച് പഠിച്ചവർ ആരിക്കും..
അല്ലെങ്കിൽ 'The golden age of Indian cinema'എന്നൊക്കെ പറഞ്ഞുകൊണ്ട് ഇന്ത്യൻ സിനിമയുടെ ചരിത്രം മൊത്തം പഠിച്ചിട്ട് വെല്ല ഡോക്യൂമെന്ററിയും ചെയ്തവരാണോ?..ഒരു മണ്ണാൻകട്ടയും അല്ല ..ഇവിടെ കണ്ട നാലാം കിട ടെലി സീരിയലുകളും കണ്ട് നടക്കുന്നതിനിടയിൽ , ഭീമപള്ളിയിൽ ഒന്ന് കേറി പറതിയപ്പോൾ കിട്ടിയ കിം കി ഡുക്കിന്റെ രണ്ട് മൂന്ന് ഡിവിഡി കവറുകൾ നോക്കി 'ദാണ്ടെടാ..ദിതാണ് ഇന്റർനാഷണൽ സിനിമ..ഇനി മലയാള സിനിമയും കിം കി അണ്ണന്റെ പോലെ മതി' എന്ന് സ്വയം പ്രഖ്യാപിച്ച ബുദ്ധിജീവികൾ! മറ്റ് തൊഴിൽ സാധ്യതകൾ ഇന്ത്യയിൽ കുറഞ്ഞത് കൊണ്ടും കൂടി ആയിരിക്കാം , 'ഹ എന്ന പിന്നെ മലയാളത്തിൽ ഇറങ്ങുന്ന എല്ലാ സിനിമകളുടെയും രണ്ട് നിരൂപണം വെച്ച് അങ് ആയി കളയാം, വലിയ ചെലവ് ഒന്നും ഇല്ലല്ലോ' എന്ന് കരുതി ആ പണിക്ക് ഇക്കൂട്ടർ ഇറങ്ങി തിരിച്ചത് ..യോഗ്യന്മാർ ..അല്ലെ ...!
ഇവരെല്ലാം കൂടി മലയാള സിനിമയെ കൊണ്ട് എത്തിക്കുന്നത് എങ്ങോട്ടാണ് സുഹൃത്തുക്കളെ ? മുൻവിധികളുടെയും, കപട ബുജി വാദങ്ങളുടെയും കെട്ടു ഭാണ്ടങ്ങൾ ഇല്ലാതെ പോയി ഇരുന്നാൽ നൂറുശതമാനവും തൃപ്തി തരുന്ന ഒരു ഇമോഷണൽ ത്രില്ലറിനെ കഴുത്തിന് പിടിച്ച് ഞെരിക്കുന്നു ..അതിന്റെ സംവിധാനത്തെ കുറ്റം പറയുന്നു തിരക്കഥയുടെ ക്രക്സ് എന്നൊക്കെ പുലമ്പുന്നു..തിയറ്ററിൽ തുമ്മിക്കൊണ്ട് കാമറ ആംഗിൾ കോപ്പി അടിച്ചിരിക്കുന്നു എന്നും പറയുന്നു..സിനിമയാണ് ..കലയാണ് .കഥകൾ ആണ്..
മോഹൻലാൽ എന്ന താരം ഒരു മഹാ നടനും കൂടി ആണ് ...ബി ഉണ്ണികൃഷ്ണൻ സത്യജിത് റായുടെ പഥേർ പാഞ്ചാലി പോലൊരു മഹത്തരമായ സൃഷ്ടി ഉണ്ടാക്കിയിരിക്കുന്നു എന്നൊന്നും അല്ല പറഞ്ഞുവരുന്നത്...ഇപ്പോൾ കാണുന്ന, കേൾക്കുന്ന വിധത്തിൽ ഉള്ള ഒരു വിമർശനം അല്ലെങ്കിൽ വ്യക്തിഹത്യ ആ നല്ല സംവിധായകനും അതിലും നല്ല വ്യക്തിയും തീരെ അർഹിക്കുന്നില്ല..അത്രേ ഒള്ളു..!
കാരണം സിനിമയെ ജീവന് തുല്യം സ്നേഹിക്കുന്ന, അതിന്റെ നട്ടെല്ലായ ഒരു തൊഴിലാളി സംഘട്ടനയെ ചേർത്തുപിടിക്കുന്ന ഒരു കലാകാരൻ ആണ് അദ്ദേഹം...ഞാൻ എന്ന, ഇന്ന് മലയാള സിനിമയിൽ ഒരു രീതിയിൽ ഉള്ള വ്യക്തിമുദ്രകളോ, ചലനങ്ങളോ സൃഷ്ടിക്കാത്ത ഒരാൾക്ക് പോലും ഒരുപാട് രീതിയിൽ സഹായകരമായത് മുഖം നോക്കാതെ അദ്ദേഹം എടുത്ത നിലപാടുകൾ ആണ് .എന്നെപോലെയുള്ള എത്രെയോ ചെറുപ്പക്കാർക്ക് എന്നും മലയാള സിനിമയിൽ ഒരു കയ്യ് താങ് ആയി നിൽക്കുന്ന വ്യക്തി.
എന്റെ യോഗ്യത നോക്കിയോ, ഞാൻ എന്ന കലാകാരന്റെ സൃഷ്ടികൾ നോക്കിയോ ഒന്നുമല്ല അദ്ദേഹം പലപ്പോഴും എന്നെ സഹായിച്ചിട്ടുമുള്ളത് , എന്റെ കൂടെ നിൽക്കുന്നത്... സിനിമയെ ഇഷ്ടപെടുന്ന ഒരാളല്ലേ ...അവൻ ചെയ്യട്ടെ എന്ന് കരുതിയിട്ട് ആയിരിക്കും ...ശരിക്കും ദാസ് ക്യാപിറ്റലും, കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും ഒക്കെ വായിച്ച, നല്ല നേതൃപാടവം ഉള്ള, തൊഴിലാളികളുടെ മനസ് അറിയാവുന്ന ഒരു തൊഴിലാളി സ്‌നേഹി, യഥാർത്ഥ കമ്മ്യൂണിസ്റ്റ്!