വനം നശിപ്പിച്ചാല്‍ ചാക്കോച്ചന്‍ സഹിക്കില്ല !

Webdunia
ബുധന്‍, 20 മെയ് 2015 (15:11 IST)
കുഞ്ചാക്കോ ബോബന്‍ ഓരോ കാലഘട്ടത്തിലും തന്‍റെ ഇമേജ് മാറ്റിമറിക്കുന്ന തീരുമാനങ്ങള്‍ എടുക്കാറുണ്ട്. അനിയത്തിപ്രാവും നിറവും നല്‍കിയ ചോക്ലേറ്റ് ഇമേജിനെ എല്‍‌സമ്മ എന്ന ആണ്‍‌കുട്ടിയിലൂടെ അട്ടിമറിച്ച ചാക്കോച്ചന്‍ ഇപ്പോള്‍ ചിറകൊടിഞ്ഞ കിനാവുകളിലൂടെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ വരാനിരിക്കുന്ന ഒരു പ്രൊജക്ടിലൂടെ വീണ്ടും പ്രേക്ഷകരെ അമ്പരപ്പിക്കാന്‍ തന്നെയാണ് ചാക്കോച്ചന്‍റെ തീരുമാനം.
 
അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി’ എന്ന ചിത്രത്തില്‍ വനനശീകരണത്തിനെതിരെ പോരാടുന്ന വ്യക്തിയായാണ് ചാക്കോച്ചന്‍ വേഷമിടുന്നതെന്നാണ് വിവരം. ചിത്രത്തിന്‍റെ പേരും കഥയും ആഖ്യാനവും ആക്ഷന്‍ സീക്വന്‍സുകളുമെല്ലാം ഏറെ പുതുമയുള്ള രീതിയില്‍ ഒരുക്കാനാണ് അനില്‍ ശ്രമിക്കുന്നത്.
 
തമിഴ് താരം ഭരത് ആണ് ഈ സിനിമയിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാം എന്നാണ് ഭരത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ചെന്നൈ സ്വദേശിയായ സാം ഒരു സാഹസികനാണ്. ഒരു പ്രത്യേക ആവശ്യത്തിനായി അയാള്‍ കേരളത്തിലെത്തുന്നു. നീളന്‍ മുടിയും താടിയുമുള്ള ലുക്കാണ് ഈ ചിത്രത്തില്‍ ഭരതിന്. തമിഴ് മാത്രമേ ഭരത് ഈ ചിത്രത്തില്‍ സംസാരിക്കുന്നുള്ളൂ.
 
നോര്‍ത്ത് 24 കാതം, സപ്തമശ്രീഃ തസ്കരാഃ എന്നീ സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് ശേഷം അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലോര്‍ഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി. റീനു മാത്യൂസാണ് നായിക. സുധീര്‍ കരമന, നെടുമുടി വേണു തുടങ്ങിയവരും അഭിനയിക്കുന്നു.