ലിസിയുമായി പിരിഞ്ഞതിന്‍റെ കാരണം പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു!

Webdunia
ബുധന്‍, 30 മാര്‍ച്ച് 2016 (15:13 IST)
പ്രിയദര്‍ശനും ലിസിയും പിരിഞ്ഞതായുള്ള വാര്‍ത്തകളുടെ ഞെട്ടല്‍ ഇന്നും സിനിമാപ്രേമികളെ വിട്ടകന്നിട്ടില്ല. കാല്‍ നൂറ്റാണ്ടോളം നീണ്ട ദാമ്പത്യജീവിതത്തിനൊടുവില്‍ ഇരുവരും പിരിയാനെടുത്ത തീരുമാനത്തിന്‍റെ കാരണവും ആര്‍ക്കും അറിയില്ല. 
 
എന്തായാലും, ലിസിയെ താന്‍ ഇന്നും സ്നേഹിക്കുന്നുണ്ടെന്ന് പ്രിയദര്‍ശന്‍ പറയുന്നു. ലിസിയ്ക്കും കുട്ടികള്‍ക്കുമൊപ്പം കഴിഞ്ഞ നാളുകളെ സ്നേഹം നിറഞ്ഞ ഓര്‍മ്മകളിലൂടെ ചിന്തിക്കാന്‍ പ്രിയദര്‍ശന് ഇപ്പോഴും കഴിയുന്നു.
 
തന്നെയും ലിസിയെയും വിവാഹമോചനത്തിലേക്ക് നയിച്ചത് ചെറിയ ഈഗോ ക്ലാഷുകളായിരുന്നു എന്ന് പ്രിയദര്‍ശന്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തന്‍റെ വിജയകരമായ സിനിമാജീവിതത്തിന്‍റെ എല്ലാ ക്രെഡിറ്റും പ്രിയദര്‍ശന്‍ നല്‍കുന്നത് ലിസിക്കാണ്. 
 
കുട്ടികള്‍ക്ക് ലിസി ഏറ്റവും നല്ല അമ്മയാണ്. ബന്ധങ്ങളുടെയും പണത്തിന്‍റെയും മൂല്യം കുട്ടികളെ പഠിപ്പിച്ചത് ലിസിയാണ്. ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയില്‍ വീട്ടിലെ കാര്യങ്ങളൊന്നും പറഞ്ഞ് ലിസി തന്നെ ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങളും ലിസിയാണ് നോക്കി നടത്തിയതെന്നും പ്രിയദര്‍ശന്‍ പറയുന്നു.
 
തനിക്ക് തന്‍റേതായ ഇടവും സ്വാതന്ത്ര്യവും ലിസി തന്നിട്ടുണ്ടെന്നും പ്രിയദര്‍ശന്‍ പറയുന്നു. ഇപ്പോഴും തങ്ങള്‍ക്ക് പരസ്പര ബഹുമാനമുണ്ടെന്നും പ്രിയദര്‍ശന്‍ വെളിപ്പെടുത്തുന്നു.