റാംജിറാവു, ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍ - ഇതൊന്നും മറന്നിട്ടില്ലല്ലോ? പിന്നെ ദുല്‍ക്കറിന്‍റെ സിനിമയെ പേടിക്കുന്നതെന്തിന്?

Webdunia
വ്യാഴം, 17 മാര്‍ച്ച് 2016 (17:30 IST)
മാര്‍ച്ച് 27ന് ദിലീപ് നായകനായ സിദ്ദിക്ക് ലാല്‍ ചിത്രം ‘കിംഗ് ലയര്‍’ പ്രദര്‍ശനത്തിനെത്തുമെന്നായിരുന്നു വിവരം. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചു എന്നാണ്. ഏപ്രിലില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നാണ് ഒടുവില്‍ കിട്ടുന്ന റിപ്പോര്‍ട്ട്.
 
ദുല്‍ക്കര്‍ സല്‍മാന്‍ നായകനായ ‘കലി’ മാര്‍ച്ച് 26ന് പ്രദര്‍ശനത്തിനെത്തുമെന്നും അതിനെ പേടിച്ചാണ് കിംഗ് ലയറിന്‍റെ റിലീസ് മാറ്റിയതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലിയില്‍ സായ് പല്ലവിയാണ് നായിക. 
 
കലിയെ ഭയന്നായിരിക്കുമോ കിംഗ് ലയര്‍ പ്രദര്‍ശനം മാറ്റിവച്ചത്? അതിന് ഒരു സാധ്യതയുമില്ലെന്നാണ് സിനിമാസ്വാദകര്‍ പറയുന്നത്. കാരണം, കിംഗ് ലയര്‍ ഒരു ദിലീപ് ചിത്രം മാത്രമല്ല എന്നതുതന്നെ.
 
റാംജിറാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, കാബൂളിവാല, വിയറ്റ്നാം കോളനി തുടങ്ങിയ എക്കാലത്തെയും വലിയ ഹിറ്റുകള്‍ സമ്മാനിച്ച സിദ്ദിക്ക്-ലാല്‍ ടീം രണ്ട് പതിറ്റാണ്ടിന് ശേഷം ഒരുമിച്ച ചിത്രമാണ് കിംഗ് ലയര്‍. ഏതെങ്കിലുമൊരു സിനിമയെയോ താരത്തെയോ ഭയന്ന് തങ്ങളുടെ ചിത്രങ്ങള്‍ മാറ്റിവച്ച ചരിത്രം സിദ്ദിക്കിനും ലാലിനുമില്ല. 
 
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ വൈകും എന്നതിനാലാണ് കിംഗ് ലയറിന്‍റെ റിലീസ് താമസിക്കുന്നതെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പ്രേമത്തിലെ നായിക മഡോണയാണ് കിംഗ് ലയറില്‍ ദിലീപിന് നായികയാകുന്നത്. നുണമാത്രം പറയുന്ന സത്യനാരായണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്.