രഞ്ജിത്തിന്‍റെ ‘തിരക്കഥ’ ജയരാജ് ആവര്‍ത്തിക്കുന്നു!

Webdunia
ശനി, 29 ജനുവരി 2011 (18:13 IST)
PRO
അന്തരിച്ച നടി ശ്രീവിദ്യയുടെ ജീവിതമാണ് രഞ്ജിത് തന്‍റെ ‘തിരക്കഥ’ എന്ന ചിത്രത്തിന് വിഷയമാക്കിയത്. ഒരിക്കല്‍ സിനിമയില്‍ തിളങ്ങി നിന്ന നായിക, പിന്നീട് അവര്‍ ഏവരുടെയും വിസ്മൃതിയിലേക്ക് മറയുന്നു. ഒരു യുവ സംവിധായകന്‍ അവര്‍ എവിടെയാണെന്ന് കണ്ടെത്തുന്നു. കാന്‍സര്‍ രോഗിയായ നായിക തന്‍റെ ജീവിതത്തിന്‍റെ അവസാന ഘട്ടത്തിലാണ്. തന്‍റെ ആദ്യ സിനിമയിലെ നായകനും കാമുകനുമായിരുന്ന, ഇന്നത്തെ സൂപ്പര്‍താരമായ മനുഷ്യനെ കാണണമെന്ന് അവര്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. അങ്ങനെ വര്‍ഷങ്ങള്‍ക്ക് ശേഷം ആ പ്രണയിതാക്കള്‍ കണ്ടുമുട്ടുകയാണ്.

ശ്രീവിദ്യ മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉലകനായകന്‍ കമലഹാസന്‍ അവരെ കാണാനെത്തിയതാണ് രഞ്ജിത്തിനെ ‘തിരക്കഥ’ എന്ന ചിത്രത്തിന്‍റെ കഥയിലേക്ക് നയിച്ചത്. തിരക്കഥ ഹിറ്റാകുകയും പ്രിയാമണി അവതരിപ്പിച്ച മാളവിക എന്ന കഥാപത്രം ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു.

ഇപ്പോഴിതാ, പ്രശസ്ത സംവിധായകന്‍ ജയരാജ് ഇതേ കഥ വീണ്ടും സിനിമയാക്കുകയാണ്. ‘നായിക’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പഴയകാല നായിക ശാരദയാണ്. ദീദി ദാമോദരനാണ് തിരക്കഥയെഴുതുന്നത്.

ഈ കഥ വളരെ മുമ്പുതന്നെ ആലോചിച്ചതാണെന്നും ശ്രീവിദ്യയുടെ ജീവിതം തന്നെയാണ് തങ്ങള്‍ക്കും പ്രചോദനമായതെന്നും ദീദി ദാമോദരന്‍ പറയുന്നു. സുരേഷ് ഗോപിയെ നായകനാക്കിയാണ് ആദ്യം ആലോചിച്ചത്. ഷൂട്ടിംഗ് തുടങ്ങാനുള്ള എല്ലാ തയ്യറെടുപ്പുകളും നടത്തിയെങ്കിലും ചില കാരണങ്ങളാല്‍ നടന്നില്ല. തന്‍റെ മനസിലും ഇതേ പോലെയൊരു കഥയുണ്ടെന്ന് അന്നേ രഞ്ജിത് പറഞ്ഞിരുന്നു. അന്ന് നടക്കാതെ പോയ പ്രൊജക്ടിന് പകരം ഞാനും ജയരാജും രഞ്ജിത്തിനെ നായകനാക്കി ഗുല്‍മോഹര്‍ എന്ന സിനിമ ചെയ്തു. രഞ്ജിത് ശ്രീവിദ്യയുടെ ജീവിതത്തില്‍ നിന്ന് ‘തിരക്കഥ’ സൃഷ്ടിക്കുകയും ചെയ്തു. എന്തായാലും ഞാന്‍ എഴുതിയ ‘നായിക’ ഇപ്പോള്‍ ജയരാജ് സംവിധാനം ചെയ്യുന്നു - ദീദി ദാമോദരന്‍ പറയുന്നു.