അധികാരവും കൂടെ മണിയടിക്കാന്‍ മാധ്യമസ്ഥാപനവും ഉണ്ടെങ്കില്‍ ‘ആനയെ പട്ടിയാക്കാം’ എന്നാണ് പലരുടെയും ധാരണ. എന്നാല്‍ സ്വര്‍ണപ്പാത്രം കൊണ്ട് മൂടിവച്ചാലും സത്യം ഒരുദിവസം പുറത്തുവരും. ‘മെഗാ ബ്ലോക്ക് ബസ്റ്റര്‍’ ചിത്രമെന്ന് പുകഴ്പെറ്റ യന്തിരന്റെ വിജയഗാഥകളെല്ലാം വെറും പുകയായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. മുന്‍ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധിയുടെ അളിയനായ മുരസൊലി മാരന്റെ മക്കളുടെ ഉടമസ്ഥതയിലുള്ള സണ്‍ പിക്ച്ചേഴ്സ് എന്ന കമ്പനിയായിരുന്നു യന്തിരന്‍ നിര്‍മിച്ചത്.
സണ്‍ പിക്ച്ചേഴ്സിന് വേണ്ടി യന്തിരന്‍ വന്‍ വിജയമായിരുന്നു എന്ന് പ്രചരിപ്പിച്ചത് സഹോദരസ്ഥാപനമായ സണ്‍ നെറ്റ്‌വര്‍ക്ക് ആയിരുന്നു. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും ചാനലുകള്‍, ദിനകരന്‍ എന്ന പ്രഭാത ദിനപ്പത്രം, മാലൈമുരസ് എന്ന സായാഹ്ന പത്രം, കുങ്കുമം എന്ന വാരിക, ഹിന്ദിയിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഉള്ള റെഡ് എഫ്‌എം റേഡിയോ, സൂര്യന്‍ എഫ്‌എം റേഡിയോ തുടങ്ങിയ മാധ്യമങ്ങളിലൂടെ മാരന്‍ സഹോദരന്‍മാര്‍ നടത്തിയ പബ്ലിസിറ്റിയിലാണ് യന്തിരന്‍ ബ്ലോക്ക് ബസ്റ്റര്‍ ആയതെന്നാണ് പുതിയ വാര്‍ത്ത.
ഇത്രയധികം മാധ്യമങ്ങള്‍ ഒരേ സ്വരത്തില്‍ യന്തിരന്‍ ഹിറ്റാണെന്ന് പ്രചരിപ്പിച്ചപ്പോള്‍ മറ്റ് മാധ്യമങ്ങള്‍ക്കും അടിതെറ്റി. അവരും കൂടെപ്പാടാന്‍ തുടങ്ങി. അങ്ങിനെ പറഞ്ഞുപറഞ്ഞ് യന്തിരന്‍ ‘ലോകവിജയം’ ആയി. എന്നാല്‍ യന്തിരന്‍ വിതരണത്തിനെടുത്ത തീയേറ്ററുടമകള്‍ പറയുന്നത് ഈ സിനിമ വന്‍ പരാജയം ആയിരുന്നുവെന്നാണ്. യന്തിരന്‍ പ്രദര്‍ശനത്തിനെടുത്ത ആറോളം തീയേറ്ററുടമകള്‍ സിനിമ തീയേറ്റര്‍ വിട്ടതോടെ തങ്ങള്‍ ‘പിച്ചച്ചട്ടി’ എടുക്കേണ്ട ഗതികേടിലായെന്ന് ചെന്നൈ സിറ്റി കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
യന്തിരന്‍ റിലീസ് ചെയ്യുന്നതിന് മുമ്പ് സണ്‍ പിക്ച്ചേഴ്സ് നടത്തിയ മാധ്യമ വെടിക്കെട്ട് കണ്ട് പറഞ്ഞ തുക ഡെപ്പോസിറ്റ് കൊടുത്ത് സിനിമ പ്രദര്‍ശനത്തിന് എടുത്ത തീയേറ്റര്‍ ഉടമകളാണ് ഇപ്പോള്‍ കണ്ണീരൊഴുക്കുന്നത്. പത്ത് ലക്ഷം തൊട്ട് 50 ലക്ഷം വരെയാണ് ഓരോ തീയേറ്റര്‍ ഉടമകളും വെള്ളത്തില്‍ ഒഴുക്കിയത്. യന്തിരന്‍ വിചാരിച്ചത്ര കളക്ഷന്‍ നേടിയില്ല എന്നും അതിനാല്‍ നഷ്ടപ്പെട്ട പൈസ തിരിച്ചുതരണം എന്നും ആവശ്യപ്പെട്ട തീയേറ്റര്‍ ഉടമകള്‍ക്ക് സണ്‍ പിക്ച്ചേഴ്സില്‍ നിന്ന് ഭീഷണിയാണെത്രെ തിരിച്ചുകിട്ടിയത്.
എന്തായാലും, ഡിഎംകെയെ മൃഗീയമായി തോല്‍പ്പിച്ച് ജയലളിത അധികാരത്തില്‍ വന്നതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞു. സണ്‍ പിക്ച്ചേഴ്സിന്റെ സിഒഒ ഹാന്‍സ്‌രാജ് സക്സേന ഇപ്പോള്‍ അറസ്റ്റിലാണ്. വഞ്ചനാക്കുറ്റം, കൊലപാതക ഭീഷണി തുടങ്ങിയ കുറ്റങ്ങളാണ് സക്സേനയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. കലാനിധി മാരനാണ് സണ്‍ നെറ്റ്‌വര്‍ക്കിന്റെ ഔദ്യോഗിക ഉടമ. കലാനിധിയുടെ സഹോദരന്‍ ദയാനിധിയുടെ മന്ത്രിക്കസേര സ്പെക്‌ട്രം കൊടുങ്കാറ്റില്‍ തെറിച്ചത് ഈയടുത്ത ദിവസമാണ്. സഹോദരന്മാരെ കാത്തിരിക്കുന്നത് രാജയുടെയും കനിമൊഴിയുടെയും വിധി തന്നെയാണോ എന്ന് വരും നാളുകളില്‍ അറിയാം.
യന്തിരന്‍ വന്‍ പരാജയമായിരുനു എന്നും വിജയഗാഥകളൊക്കെ ഊതിപ്പെരുപ്പിച്ച ബലൂണ്‍ ആയിരുന്നു എന്നുമുള്ള സത്യം സാധാരണക്കാരെ മാത്രമല്ല രജനീകാന്തിനെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. സിംഗപ്പൂരിലെ ചികിത്സ കഴിഞ്ഞ് ചെന്നൈയിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്ന രജനിയെ ഈ വാര്‍ത്ത വിഷമത്തിലാക്കിയിട്ടുണ്ട് എന്നാണ് അറിയുന്നത്. റെക്കോര്‍ഡുകള്‍ തകര്‍ത്ത ഹിറ്റാണെന്ന് പ്രചരിപ്പിച്ച് പ്രേക്ഷകരെ തീയേറ്ററുകളില്‍ എത്തിച്ച സണ്‍ പിക്ച്ചേഴ്സിന്റെ ബുദ്ധി അപാരമെന്ന് പറയാതെ വയ്യ. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന പഴമൊഴി ഒരുവട്ടം കൂടി ഓര്‍മിപ്പിക്കുകയാണ് പുറത്തുവന്നിരിക്കുന്ന ‘യന്തിരന്‍ രഹസ്യം’!