എംടിയുടെ തിരക്കഥയില്‍ സംവിധായകന് ഹരികുമാര്‍ ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിച്ചുനടക്കുന്ന സമയം. പല കഥകളും ഇരുവരും ആലോചിച്ചു. ഒടുവില്‍ ഒരു കഥയില്‍ ലാന്‍ഡ് ചെയ്തു. നായകനായി മോഹന്‍ലാലിനെ മനസില്‍ നിശ്ചയിച്ചു. കഥ പൂര്‍ത്തിയായ ഉടന്‍ എം ടിയും ഹരികുമാറും മോഹന്‍ലാലിനെ ചെന്നുകണ്ട് കഥ പറഞ്ഞു. കഥ ഇഷ്ടമായ മോഹന്‍ലാല്‍ എപ്പോള്‍ വേണമെങ്കിലും ഡേറ്റ് നല്‍കാമെന്ന് അറിയിച്ചു.
കോഴിക്കോട്ടിരുന്ന് എം ടി തിരക്കഥയെഴുതിത്തുടങ്ങി. ഏകദേശം എണ്‍പത് ശതമാനത്തോളം തിരക്കഥ പൂര്‍ത്തിയായി. എന്നാല്‍ എം ടിക്ക് എന്തോ, എഴുതിയ അത്രയും വായിച്ചിട്ട് തൃപ്തി വന്നില്ല. ഹരികുമാറും സ്ക്രിപ്റ്റ് വായിച്ചു. അദ്ദേഹത്തിനും ഇഷ്ടമായില്ല. നമുക്ക് ഈ കഥ ഇവിടെ അവസാനിപ്പിക്കാമെന്നും മറ്റൊരു കഥ നോക്കാമെന്നും അപ്പോള്‍ തന്നെ ഹരികുമാര്‍ പറഞ്ഞു.
എഴുതിയ തിരക്കഥയില്‍ തൃപ്തിയില്ല എന്ന് ഹരികുമാര്‍ ഉടന്‍ തന്നെ മോഹന്‍ലാലിനെ വിളിച്ച് അറിയിച്ചു. “എന്നാല്‍ പിന്നീടെപ്പോഴെങ്കിലും ചെയ്യാം” എന്ന് മോഹന്‍ലാല്‍ പറയുകയും ചെയ്തു.
പിന്നീട് എം ടി ഒരു കഥ ഹരികുമാറിനുവേണ്ടി കണ്ടെത്തി. ആലോചിച്ച് വികസിപ്പിച്ചുവന്നപ്പോള്‍ നായകന് പക്ഷേ മമ്മൂട്ടിയായി - അതാണ് ‘സുകൃതം’.