മോഹന്‍ലാല്‍ കടുത്ത തീരുമാനമെടുക്കുന്നു, ഇനി കൈവിട്ട കളിയില്ല!

Webdunia
ബുധന്‍, 20 ജനുവരി 2016 (14:35 IST)
മോഹന്‍ലാല്‍ അക്കാര്യം തീരുമാനിച്ചുകഴിഞ്ഞു. ഇനി വര്‍ഷത്തില്‍ രണ്ടുചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ. മികച്ച കഥയും തിരക്കഥയും കഥാപാത്രവും ആണെങ്കില്‍ മാത്രമേ ഡേറ്റ് കൊടുക്കുകയുള്ളൂ. മലയാളത്തില്‍ മാത്രമല്ല, മറ്റ് ഭാഷകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
 
ഇന്ത്യ മുഴുവന്‍ ആരാധകരുള്ള ഒരു താരം എന്ന നിലയില്‍ മലയാളത്തില്‍ മാത്രം നില്‍ക്കുന്നത് മറ്റ് ഭാഷകളിലുള്ള ആരാധകരെ നിരാശപ്പെടുത്തുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ, എല്ലാ ഭാഷകളില്‍ നിന്നുള്ള തിരക്കഥകളും കേള്‍ക്കാനും മോഹന്‍ലാല്‍ തീരുമാനിച്ചതായാണ് സൂചന. അപ്പോള്‍ നല്ല കഥാപാത്രങ്ങളെ തെരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരം ലഭിക്കും.
 
ഈ വര്‍ഷം തന്നെ രണ്ട് തെലുങ്ക് ചിത്രങ്ങളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. രണ്ടും ഒന്നാന്തരം തിരക്കഥകള്‍. അതില്‍ ഒരെണ്ണം പൂര്‍ത്തിയായിക്കഴിഞ്ഞു.
 
അതേസമയം, മലയാളത്തിലെ സംവിധായകര്‍ മോഹന്‍ലാലിനോട് കഥ പറയാന്‍ ക്യൂവിലാണ്. പ്രിയദര്‍ശന്‍റെ ‘ഒപ്പം’, മേജര്‍ രവിയുടെ ‘വാര്‍ 1971’ എന്നീ സിനിമകള്‍ മോഹന്‍ലാല്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്. ബിഗ്ബജറ്റ് ചിത്രമായ പുലിമുരുകന്‍ ആണ് മോഹന്‍ലാലിന് ഇനി മലയാളത്തിലെ റിലീസ്.