മോഹന്‍ലാലിന് ഭീമന്‍ പ്രതിഫലം, ഹരിഹരന്‍റെ തിരക്കഥ കേള്‍ക്കാന്‍ തയ്യാറായില്ല!

Webdunia
വ്യാഴം, 11 ജൂണ്‍ 2015 (15:00 IST)
മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകനാണ് ഹരിഹരന്‍. ഒരു വടക്കന്‍ വീരഗാഥയുടെയും പഴശ്ശിരാജയുടെയും സര്‍ഗത്തിന്‍റെയും പരിണയത്തിന്‍റെയുമൊക്കെ സംവിധായകന്‍. മലയാളത്തിലെ താരങ്ങളൊക്കെ ഹരിഹരന്‍ ചിത്രങ്ങളുടെ ഭാഗമാകാന്‍ കൊതിക്കുന്നു. എന്നാല്‍ മോഹന്‍ലാല്‍ മാത്രം ഹരിഹരനില്‍ നിന്ന് അകന്നുനില്‍ക്കാന്‍ ശ്രമിക്കുന്നതായി ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നു.
 
അടുത്തിടെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഹരിഹരന്‍ തന്നെയാണ് മോഹന്‍ലാലുമായുള്ള പ്രശ്നത്തേപ്പറ്റി വെളിപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പഞ്ചാഗ്നി, അമൃതം ഗമയ എന്നീ ഹരിഹരന്‍ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നായകനായിരുന്നു. പഞ്ചാഗ്നിയില്‍ നസറുദ്ദീന്‍ ഷായെ നായകനാക്കാനായിരുന്നു ഹരിഹരന്‍ ആലോചിച്ചിരുന്നത്. എന്നാല്‍ മോഹന്‍ലാല്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിനാലാണ് റഷീദ് എന്ന ആ കഥാപാത്രത്തെ ലാലിന് നല്‍കിയത്. ആ ലാല്‍ പക്ഷേ പിന്നീട് ഹരിഹരന്‍ ചിത്രങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുകയാണത്രേ. മോഹന്‍ലാലിന്‍റെ പ്രതിഫലമാണ് ഇക്കാര്യത്തില്‍ വില്ലനാകുന്നതെന്നും ഹരിഹരന്‍ പറയുന്നു.
 
“അമൃതംഗമയയ്ക്ക് ശേഷം ഒരിക്കല്‍ കൂടി ഒരു സിനിമയ്ക്ക് വേണ്ടി മോഹന്‍ലാലിനെ സമീപിച്ചു. അപ്പോഴേക്കും ലാല്‍ ഒരു സ്റ്റാറായിക്കഴിഞ്ഞിരുന്നു. മോഹന്‍ലാല്‍ ചോദിച്ച പ്രതിഫലം പക്ഷേ, സിനിമയുടെ ബജറ്റിനെക്കാളും കൂടുതലായിരുന്നു. പ്രതിഫലത്തുക കുറയ്ക്കാനാകില്ല എന്ന് മോഹന്‍ലാല്‍ തീര്‍ത്തുപറയുകയും ചെയ്തു. സ്‌ക്രിപ്റ്റ് കേള്‍ക്കാന്‍ പോലും ലാല്‍ തയ്യാറായില്ല” - ഹരിഹരന്‍ പറയുന്നു.
 
സുഹൃത്തുക്കളായിരിക്കാമെന്നല്ലാതെ ഇവര്‍ക്കൊപ്പം സിനിമയൊന്നും ചെയ്യാനാകില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞതായി അറിഞ്ഞെന്നും ഹരിഹരന്‍ വ്യക്തമാക്കുന്നു. പഴശ്ശിരാജയില്‍ വോയിസ് ഓവര്‍ നല്‍കാന്‍ മോഹന്‍ലാല്‍ തയ്യാറായത് മമ്മൂട്ടി പറഞ്ഞതുകൊണ്ടുമാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.