മോഡി പറഞ്ഞു, മമ്മൂട്ടി നടപ്പാക്കുന്നു!

Webdunia
വ്യാഴം, 27 നവം‌ബര്‍ 2014 (14:29 IST)
ബി ജെ പി അധികാരത്തില്‍ വരുന്നത് നല്ല നാളുകള്‍ വരുന്നു എന്നതിന്‍റെ സൂചനയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാക്കുകള്‍ സമീപകാലത്ത് ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ചവയാണ്. എന്തായാലും 'അഛാ ദിന്‍' വരികയാണ്. നടപ്പാക്കുന്നത് മമ്മൂട്ടിയാണെന്ന് മാത്രം. മമ്മൂട്ടി നായകനാകുന്ന പുതിയ സിനിമയ്ക്ക് അഛാ ദിന്‍ എന്ന് പേരിട്ടു.  
 
ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് ഒരുക്കിയ ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ വരുന്ന ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കത്തക്ക രീതിയില്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ്. എ സി വിജീഷ് ആണ് രചന.
 
'ഇമ്മാനുവല്‍' എന്ന ഹിറ്റ് ചിത്രം മമ്മൂട്ടിക്ക് സമ്മാനിച്ച എഴുത്തുകാരനാണ് എ സി വിജീഷ്. മാര്‍ത്താണ്ഡനും വിജീഷും ചേര്‍ന്ന് മമ്മൂട്ടിക്കായി ഒരുക്കുന്ന സിനിമ ഒരു കോമഡി എന്‍റര്‍ടെയ്നറാണെന്നാണ് സൂചന.
 
അതേസമയം, പൃഥ്വിരാജിനെയും ശോഭനയെയും പ്രധാന വേഷങ്ങളിലെത്തിക്കുന്ന 'പാവാട' എന്നൊരു പ്രൊജക്ടും മാര്‍ത്താണ്ഡന്‍ ഒരുക്കുന്നുണ്ട്. ഏപ്രിലില്‍ ആയിരിക്കും അതിന്‍റെ ചിത്രീകരണം.