മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വേദനിപ്പിച്ചു; താന്‍ നിയമങ്ങളെ പാലിക്കുന്ന ആളാണെന്ന് ദിലീപ്

Webdunia
ചൊവ്വ, 24 ഡിസം‌ബര്‍ 2013 (20:52 IST)
PRO
PRO
കസ്റ്റംസ് ആന്‍ഡ് സെന്‍ട്രല്‍ എക്‌സൈസ് വകുപ്പിന്റെ റെയ്ഡിനെ തുടര്‍ന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വേദനിപ്പിച്ചെന്ന് നടന്‍ ദിലീപ്. താന്‍ നിയമങ്ങള്‍ അനുസരിക്കുന്ന ആളാണ്. തനിക്ക് കണക്കുകളെ കുറിച്ച് ഒന്നുമറിയില്ല. തന്റെ ഓഡിറ്റര്‍ അടക്കമുള്ളവരാണ് പണസംബന്ധമായ കണക്കുകള്‍ കൈകാര്യം ചെയ്യുന്നത്. 18 വര്‍ഷം കഷ്ടപ്പെട്ട് സമ്പാദിച്ച പണമേ കൈയിലുള്ളൂ. എന്നാല്‍ ചില ചാനലുകള്‍ കള്ളക്കടത്ത് നടത്തിയാണ് പണം സമ്പാദിച്ചതെന്ന രീതിയിലാണ് വാര്‍ത്തകള്‍ ചെയ്തത്. ഇത് ഏറെ വേദനിപ്പിച്ചെന്നും ദിലീപ് പറഞ്ഞു.

അവസാനം അഭിനയിപ്പിച്ച രണ്ടു സിനിമകളുടെ ടാക്സ് മാത്രമാണ് അടയ്ക്കാനുള്ളത്. ഇനിയും ഉദ്യോഗസ്ഥര്‍ പറയുന്നത്ര ടാക്സ് അടയ്ക്കാന്‍ തയാറാണെന്നും ദിലീപ് പറഞ്ഞു. ടാക്സ് അടയ്ക്കാന്‍ ജനുവരി അഞ്ച് വരെ സമയമുണ്ട്. തന്റെ വീട്ടില്‍നിന്ന് ഡോളര്‍ കണ്ടുപിടിച്ചെന്നും അവ എണ്ണി തീര്‍ന്നിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ആകെ 350 ഡോളര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇത് വിദേശ യാത്രകള്‍ പോകുമ്പോള്‍ ഷോപ്പിംഗ് നടത്താന്‍ ഉപയോഗിക്കാന്‍ വേണ്ടി സൂക്ഷിച്ചതാണെന്നും ദിലീപ് വ്യക്തമാക്കി.

സെന്‍ട്രല്‍ എക്‌സൈസിന്റെ കൊച്ചിയിലെ ഓഫീസിലെത്തി വിശദീകരണം നല്‍കിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദിലീപ്. ഡിസംബര്‍ 23 ന് തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണം എന്നായിരുന്നു സെന്‍ട്ല്‍ എക്‌സൈസ് വിഭാഗം ദിലീപിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ദിലീപ് അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് മൊഴിയെടുക്കല്‍ 24 ലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ദിലീപിന്റെ ആലുവയില്‍ ഉള്ള വിട്ടില്‍ നടത്തിയ പരിശോധനയില്‍ കണക്കില്‍ പെടാത്ത 13 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. ഇതിനോടൊപ്പം ഡോളറും ദിര്‍ഹവും അടക്കമുള്ള വിദേശ കറന്‍സികളും സെന്‍ട്രല്‍ എക്‌സൈസ് വിഭാഗം കണ്ടെടുത്തിരുന്നു.