മമ്മൂട്ടി ‘അച്ചായന്‍’, ഹാട്രിക് ഹിറ്റൊരുക്കാന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്!

Webdunia
ശനി, 11 ജനുവരി 2014 (13:33 IST)
PRO
‘ബെസ്റ്റ് ആക്ടര്‍’ ആയിരുന്നു മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകന്‍റെ ആദ്യ ചിത്രം. മമ്മൂട്ടി നായകനായ ആ സിനിമ വന്‍ ഹിറ്റായിരുന്നു. അതിന് ശേഷം ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ‘എബിസിഡി’ എന്ന ചിത്രവും ഹിറ്റാക്കി മാര്‍ട്ടിന്‍.

ഇപ്പോള്‍ തന്‍റെ മൂന്നാമത്തെ ചിത്രത്തിന്‍റെ പണിപ്പുരയിലാണ് മാര്‍ട്ടിന്‍ പ്രക്കാട്ട്. ഇത്തവണ വീണ്ടും മമ്മൂട്ടിയെ നായകനാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഈ സിനിമയുടെ തിരക്കഥ അനൂപ് മേനോന്‍ ആണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കോട്ടയം‌കാരനായ അച്ചായനായാണ് മമ്മൂട്ടി ഈ സിനിമയില്‍ വേഷമിടുന്നത്. ഒരു ക്ലീന്‍ എന്‍റര്‍ടെയ്നറാണ് മമ്മൂട്ടികിക് വേണ്ടി അനൂപ് എഴുതുന്നത്. കോട്ടയം കുഞ്ഞച്ചന്‍, ഒരു മറവത്തൂര്‍ കനവ്, സംഘം, നസ്രാണി തുടങ്ങിയ ചിത്രങ്ങളേക്കാള്‍ ഒരുപടി മേലെ നില്‍ക്കുന്ന സിനിമയ്ക്കുവേണ്ടിയാണ് ശ്രമം നടക്കുന്നത്.

മമ്മൂട്ടിക്ക് വേണ്ടി അനൂപ് മേനോന്‍ തിരക്കഥയെഴുതുന്നത് ആദ്യമായാണ്. അനൂപിന്‍റെ ‘പകല്‍നക്ഷത്രങ്ങള്‍’ എന്ന തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായിട്ടുണ്ട്.

2014 ല്‍ മമ്മൂട്ടിയുടെ ഏറ്റവും പ്രതീക്ഷയുള്ള പ്രൊജക്ടായിരിക്കും മാര്‍ട്ടിന്‍ പ്രക്കാട്ട് - അനൂപ് മേനോന്‍ ചിത്രം. ഷെബിന്‍ ബക്കറാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ വര്‍ഷത്തെ വലിയ ഹിറ്റായ ‘പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും’ നിര്‍മ്മിച്ചത് ഷെബിന്‍ ബക്കറായിരുന്നു.