ഇന്ത്യയില്‍ കമല്‍ഹാസനും മോഹന്‍ലാലും മമ്മൂട്ടിയും ആമിര്‍ഖാനുമാണ് അഭിനയത്തിന്‍റെ കാര്യത്തില്‍ പതിറ്റാണ്ടുകളായി പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും ഈ നടന്‍മാരില്‍ നിന്നാണ് തുടര്‍ച്ചയായി ഉണ്ടാകുന്നതും. വ്യത്യസ്തമായ കഥയ്ക്കും കഥാപാത്രത്തിനും വേണ്ടി എത്ര ബുദ്ധിമുട്ടാനും കാത്തിരിക്കാനും തയ്യാറാകുന്നതും ഇവര്‍ നാലുപേര്‍ തന്നെ.
ഈ വര്‍ഷം മമ്മൂട്ടിയുടെ ഏറ്റവും വലിയ ഹിറ്റ് ‘ഭാസ്കര്‍ ദി റാസ്കല്‍’ ആണ്. വമ്പന്‍ വിജയങ്ങള്‍ കുറച്ചുനാളായി മമ്മൂട്ടിയില്‍ നിന്ന് അകന്നുനില്‍ക്കുകയായിരുന്നു. രാജാധിരാജയ്ക്ക് ശേഷം കോടികള്‍ ലാഭം നേടിയ ഒരു സിനിമ എന്നത് ഭാസ്കര്‍ ദി റാസ്കലിലൂടെ യാഥാര്‍ത്ഥ്യമാകുകയായിരുന്നു. വമ്പന്‍ കൊമേഴ്സ്യല്‍ വിജയങ്ങള്‍ ആഗ്രഹിക്കുന്ന നിര്‍മ്മാതാക്കള്‍ മമ്മൂട്ടിയുടെ ഡേറ്റിനായി ക്യൂവിലാണ്. 2017 വരെ മമ്മൂട്ടിക്ക് ഡേറ്റില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, മമ്മൂട്ടി തന്‍റെ പ്രതിഫലം വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. തന്‍റെ അടുത്ത സിനിമ മുതല്‍ മൂന്നരക്കോടി രൂപയായി പ്രതിഫലം ഉയര്‍ത്താന്‍ മമ്മൂട്ടി ആലോചിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പല വമ്പന്‍ പ്രൊജക്ടുകളും മമ്മൂട്ടിയുടേതായി ഉടന്‍ പ്രഖ്യാപിക്കപ്പെടുമെന്നാണ് വിവരം. കമല്‍ സംവിധാനം ചെയ്യുന്ന ‘ഉട്ടോപ്യയിലെ രാജാവ്’ ആണ് മമ്മൂട്ടിയുടെ വലിയ ചിത്രങ്ങളില്‍ ഒന്ന്.