മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഒരു നിര്‍ബന്ധമുണ്ട്. മലയാളത്തില്‍ ഇറങ്ങുന്ന സിനിമകള്‍ക്കൊക്കെ നല്ല മലയാളിത്തം വേണം. അല്ലെങ്കില്‍ നിഷ്കരുണം തള്ളിക്കളയുമെന്നതില്‍ സംശയിക്കേണ്ട. അതേസമയം, തമിഴ് - തെലുങ്ക് - ഹിന്ദി ഭാഷകളിലെ ഏത് ഡപ്പാംകൂത്ത് പടത്തെയും ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്യും.
11 സിനിമകള്‍ തുടര്‍ച്ചയായി തകര്‍ന്നതോടെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് അക്കാര്യം കൂടുതല്‍ ബോധ്യമായി. പരാജയപ്പെട്ട തന്‍റെ സിനിമകള്‍ക്ക് പലതിനും മലയാളത്തില്‍ പുറത്തിറങ്ങാന്‍ യോഗ്യതയുള്ള കഥകളായിരുന്നില്ല എന്ന തിരിച്ചറിവിലാകണം, അദ്ദേഹത്തിന്‍റെ പുതിയ സിനിമകള്‍ക്കെല്ലാം മലയാളിത്തം തുളുമ്പുന്ന അന്തരീക്ഷമാണുള്ളത്.
‘ബാവുട്ടിയുടെ നാമത്തില്‍’ മുതലാണ് മമ്മൂട്ടി മണ്ണില്‍ ചവിട്ടി നടക്കുന്ന കഥാപാത്രങ്ങളിലേക്കുള്ള യാത്ര വീണ്ടും ആരംഭിച്ചത്. ഏപ്രില്‍ അഞ്ചിന് റിലീസ് ചെയ്യുന്ന ‘ഇമ്മാനുവല്‍’ നന്‍മയും ആദര്‍ശവും കാത്തുസൂക്ഷിക്കുന്ന ഒരു മനുഷ്യന്‍ നേരിടുന്ന പ്രതിസന്ധികളുടെ കഥയാണ്. ലാല്‍ ജോസാണ് സംവിധാനം.
ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്ന ‘കുഞ്ഞനന്തന്‍റെ കട’യും സാധാരണക്കാരന്‍റെ സങ്കടങ്ങളുടെ കഥയാണ് പറയുന്നത്. ‘ആദാമിന്‍റെ മകന്‍ അബു’ ഒരുക്കിയ സലിം അഹമ്മദാണ് കുഞ്ഞനന്തന്‍റെ കട സംവിധാനം ചെയ്യുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന രഞ്ജിത് ചിത്രം ‘ജര്‍മ്മന്‍ റിട്ടേണ്‍സ്’ മനസില്‍ നന്‍മ മാത്രമുള്ള ഒരു രസികന്‍ പണക്കാരന്‍റെ കഥ പ്രമേയമാക്കുന്നു.
ജൂണ്‍ മാസത്തില്‍ ‘ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്’ ഷൂട്ടിംഗ് തുടങ്ങും. നാടകലോകത്തിന്‍റെ പശ്ചാത്തലത്തില്‍ നവാഗതനായ മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ക്ലീസ്റ്റസ് എന്ന നാടന്‍ മനുഷ്യനായി മമ്മൂട്ടി വരുന്നു. ബെന്നി പി നായരമ്പലമാണ് തിരക്കഥാകൃത്ത്.
ഈ വര്‍ഷം തന്നെ ആരംഭിക്കുന്ന ബാല്യകാലസഖി, മതിലുകള്‍ക്കപ്പുറം എന്നീ സിനിമകളില്‍ ബഷീര്‍ കഥാപാത്രങ്ങളായാണ് മമ്മൂട്ടി അഭിനയിക്കുന്നത്. എന്തായാലും, മമ്മൂട്ടിയുടെ സുവര്‍ണകാലം വീണ്ടും വരികയാണ്. കുടുംബപ്രേക്ഷകര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മമ്മൂട്ടി സിനിമകളുടെ കാലം.