മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ ജര്‍മനിയിലാണ്. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടിയെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായിട്ടാണ് മമ്മൂട്ടി ജര്‍മനിയിലെ മെറ്റ്മാനില്‍ എത്തിയത്. ഇതൊന്നുമല്ല വാര്‍ത്ത, മമ്മൂട്ടിയെ എത്തിയതറിഞ്ഞ് മെറ്റ്മാന്‍ മേയര്‍ ഗ്രെന്റ് ഗ്യുന്‍ഡര്‍ കാണാനെത്തിയത്രേ. സംഭവം എന്തായാലും ഫേസ്ബുക്കില്‍ വൈറലാണ്. ചിത്രത്തില്‍ ക്ലീന്‍ ഷേവ് ചെയ്ത് ചുള്ളനായെത്തുന്ന മമ്മൂട്ടിയ്ക്കൊപ്പം ജര്‍മന്‍ മേയര്‍ നില്‍ക്കുന്ന ചിത്രമാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകളില്‍ വൈറലായിരിക്കുന്നത്
ഭാര്യയ്‌ക്കൊപ്പമാണ് മേയര്‍ സ്‌ക്വയര്‍ ചര്‍ച്ചില്‍ എത്തി മമ്മൂട്ടിയെ കണ്ടത്. കൂടാതെ ഒരു മാമോത്തിന്റെ(നമ്മുടെ ആനയുടെ ആദിരൂപം) പാവക്കുട്ടിയെ മമ്മൂട്ടിയ്ക്ക് സമ്മാനിക്കുകയും ചെയ്തു. നേരത്തേ ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ കാര്യം ഗ്രെന്റ് മമ്മൂട്ടിയുമായി പങ്കുവച്ചു.
നഗരത്തിലെ കോ ഓപ്റ്റഡ് കൗണ്‍സിലറായ മലയാളി ജോസഫ് മെറ്റ്മാനാണ് മമ്മൂട്ടിയും സംഘവും ഷൂട്ടിങ്ങിനായി നഗരത്തില്‍ എത്തിയ വിവരം മേയറെ അറിയിച്ചത്. ഇതറിഞ്ഞ മേയര്‍ മമ്മൂട്ടിയെ കാണാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നുവത്രേ. ജര്‍മന്‍ മലയാളിയായ മാത്തുക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ മമ്മൂട്ടിയെക്കൂടാതെ ഒട്ടേറെ ജര്‍മന്‍ മലയാളികളും അഭിനയിക്കുന്നുണ്ട്. 12 ദിവസത്തോളമാണ് ജര്‍മ്മനിയില്‍ ഷൂട്ടിംഗ്. മമ്മൂട്ടിയ്‌ക്കൊപ്പം മോഹന്‍ലാലും ദിലീപും അതിഥി വേഷങ്ങളില്‍ എത്തുന്നുന്നു.