മമ്മൂട്ടിയെ നായകനാക്കി 'സ്റ്റൈല്‍ കാ ബാപ്' എന്ന പേരില്‍ അമല്‍ നീരദ് ഒരു സിനിമ ചെയ്യുന്നതായി അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. 'ബിഗ്ബി' പോലെ വളരെ സ്റ്റൈലിഷായ ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറായിരിക്കും ഇതെന്നും സൂചനകളുണ്ടായിരുന്നു. ഉണ്ണി ആര്‍ തിരക്കഥയെഴുതുമെന്നും വിവരമുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു സിനിമ ആലോചിച്ചിട്ടില്ല എന്നാണ് അമല്‍ നീരദ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.
'സ്റ്റൈല്‍ കാ ബാപ്' എന്ന പേരില്‍ ഒരു മമ്മൂട്ടിച്ചിത്രം ഒരുക്കുന്നില്ല എന്നാണ് അമല്‍ നീരദ് പറയുന്നത്. എന്നാല്‍ അമലിന്‍റെ പരിഗണനയില്‍ ഒരു മമ്മൂട്ടി സിനിമയുണ്ട്. അടുത്ത രണ്ട് സിനിമകള്‍ക്ക് ശേഷം അമല്‍ നീരദ് ഒരു മമ്മൂട്ടിച്ചിത്രമാണ് ചെയ്യുന്നത്.
പൃഥ്വിരാജിനെ നായകനാക്കിയാണ് അമല്‍ നീരദ് അടുത്ത സിനിമ പ്ലാന്‍ ചെയ്യുന്നത്. അതിന് ശേഷം ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി ഒരു പ്രൊജക്ടും അമല്‍ ചെയ്യുന്നുണ്ട്. ദുല്‍ക്കര്‍ സിനിമയും പൂര്‍ത്തിയായ ശേഷം മാത്രമേ മമ്മൂട്ടിച്ചിത്രത്തിലേക്ക് അമല്‍ നീരദ് എത്തുകയുള്ളൂ.
'അരിവാള്‍ ചുറ്റിക നക്ഷത്രം' എന്ന പേരില്‍ മമ്മൂട്ടിയെയും പൃഥ്വിരാജിനെയും നായകന്‍മാരാക്കി ഒരു സിനിമ അമല്‍ നീരദ് നേരത്തേ പ്ലാന്‍ ചെയ്തിരുന്നു. എന്നാല്‍ ബജറ്റും മറ്റും ശരിയാകാതെ വരികയും മറ്റ് ചില കാരണങ്ങള്‍ കൊണ്ടും ആ സിനിമ നടന്നില്ല. അതിന് ശേഷമാണ് 'ഇയ്യോബിന്‍റെ പുസ്തകം' അമല്‍ നീരദ് ഒരുക്കിയത്. ഇയ്യോബ് വലിയ വിജയമൊന്നുമായില്ലെങ്കിലും അമല്‍ നീരദിന്‍റെ ഏറ്റവും മികച്ച സിനിമ എന്ന ഖ്യാതി ആ ചിത്രം നേടി.