മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിയും പൊലീസ്!

Webdunia
ചൊവ്വ, 20 നവം‌ബര്‍ 2012 (14:39 IST)
PRO
പൊലീസാകാന്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്ക് പ്രത്യേക താല്‍പ്പര്യമാണ്. പൊലീസ് കഥാപാത്രങ്ങളിലൂടെയാണ് സുരേഷ്ഗോപി സൂപ്പര്‍താരമായതുപോലും. മമ്മൂട്ടിക്കും മോഹന്‍ലാലിനും പൊലീസ് കഥാപാത്രങ്ങളോടുള്ള ഇഷ്ടം അല്‍പ്പം കൂടുതലാണ്. ഇവരുടെയെല്ലാം കരിയറില്‍ മെഗാഹിറ്റ് പൊലീസ് ചിത്രങ്ങളുടെ നിരതന്നെയുണ്ട്.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നീ സൂപ്പര്‍സ്റ്റാറുകള്‍ തങ്ങളുടെ വരാനിരിക്കുന്ന പ്രധാന സിനിമകളില്‍ അവതരിപ്പിക്കുന്നത് പൊലീസ് കഥാപാത്രങ്ങളെയാണ് എന്നതാണ് സവിശേഷത. മമ്മൂട്ടിയുടെ ‘ഫേസ് ടു ഫേസ്’, മോഹന്‍ലാലിന്‍റെ ‘കര്‍മ്മയോദ്ധ’ എന്നീ സിനിമകള്‍ പ്രദര്‍ശനത്തിന് തയ്യാറായിക്കഴിഞ്ഞു. പൃഥ്വിരാജ് ‘മുംബൈ പൊലീസ്’ എന്ന സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങളിലാണ്.

വി എം വിനു സംവിധാനം ചെയ്യുന്ന ഫേസ് ടു ഫേസ് ഒരു ഇന്‍‌വെസ്റ്റിഗേറ്റീവ് ത്രില്ലറാണ്. നഗരത്തില്‍ സംഭവിക്കുന്ന ചില കൊലപാതകങ്ങളും അതില്‍ മമ്മൂട്ടിയുടെ പൊലീസ് ഓഫീസര്‍ നടത്തുന്ന അന്വേഷണവുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.

കാണാതാകുന്ന പെണ്‍കുട്ടികള്‍ എവിടെപ്പോയി മറയുകയാണ് എന്നന്വേഷിക്കുന്ന എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായാണ് മോഹന്‍ലാല്‍ കര്‍മ്മയോദ്ധയില്‍ എത്തുന്നത്. മേജര്‍ രവിയാണ് സംവിധാനം. മോഹന്‍ലാലിന്‍റെ മെഗാഹിറ്റുകളായ കീര്‍ത്തിചക്ര, കുരുക്ഷേത്ര എന്നിവ മേജര്‍ രവിയുടെ സൃഷ്ടികളായിരുന്നു.

മുംബൈ പൊലീസ് സംവിധാനം ചെയ്യുന്നത് റോഷന്‍ ആന്‍ഡ്രൂസ് ആണ്. ബോബി - സഞ്ജയ് ടീം ആണ് തിരക്കഥ. പൃഥ്വിരാജ്, ജയസൂര്യ, റഹ്‌മാന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍. പൃഥ്വിരാജിന്‍റെ തകര്‍പ്പന്‍ പൊലീസ് വേഷമായിരിക്കും ഈ സിനിമയിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.