അന്ന്, ഇന്ത്യയെ നടുക്കിക്കൊണ്ട് മഹാനഗരത്തില്‍ ബോംബ് സ്ഫോടന പരമ്പര അരങ്ങേറി. നഗരത്തിലെ 13 ഇടങ്ങളില്‍ മരണം വിതച്ചുകൊണ്ട് പൊട്ടിത്തെറികള്‍. രാവിലെ 10.30നാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്. അപ്പോള്‍, അതേസമയത്ത് അങ്ങുദൂരെ മദ്രാസില്‍ ഒരു സിനിമയുടെ പൂജാചടങ്ങിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന സനാതനന്‍ ഭട്ടിന്‍റെ മനസ് എന്തോ കാര്യത്താല്‍ അസ്വസ്ഥമായി.
അതേസമയത്തുതന്നെ, കേരളത്തിലെ ആലപ്പുഴയില്‍ ആമിനയെന്ന പ്രീഡിഗ്രിക്കാരിയുടെ ഉള്ളിലും അകാരണമായ ഒരു ഭയം നിറഞ്ഞു. ജോലിതേടി ബോംബെയിലേക്കുപോയ സഹോദരനെച്ചൊല്ലിയായിരുന്നു അവളുടെ ആശങ്ക. ഈ മൂന്നുപേര്‍ - സനാതനന്‍ ഭട്ട്, ആമിന, അവളുടെ സഹോദരന്‍ - സ്ഫോടനവുമായി ബന്ധമൊന്നുമില്ലാതിരുന്ന ഇവരുടെ ജീവിതം ആ സംഭവത്തിനുശേഷം മാറുകയായിരുന്നു.
തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കഥാഗതിയാണിത്. ‘ബോംബെ - 1993 മാര്‍ച്ച് 12’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നായകന്‍. സംഘര്‍ഷഭരിതമായ ഒരു പശ്ചാത്തലത്തിലൂടെ കഥ പറയുന്ന വ്യത്യസ്തമായൊരു സിനിമയായിരിക്കും ഇത്. മമ്മൂട്ടിയുടെ വിവിധ ഗെറ്റ്അപുകള്‍ സിനിമയുടെ ഹൈലൈറ്റ് ആയിരിക്കും. സങ്കീര്‍ണമായ ഈ സാമൂഹ്യകഥയുടെ ചിത്രീകരണം അടുത്തമാസം രാജസ്ഥാനില്‍ ആരംഭിക്കുകയാണ്. മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളും ലൊക്കേഷനുകളാണ്.
‘തച്ചിലേടത്ത് ചുണ്ടന്‍’ എന്ന തിരക്കഥ മമ്മൂട്ടിക്കുവേണ്ടി ബാബു ജനാര്‍ദ്ദനന്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ബാബു ‘മാര്‍ച്ച് 12’ന്‍റെ തിരക്കഥാ ജോലിയിലായിരുന്നു. എന്തായാലും മമ്മൂട്ടിയുടെ സഹായത്തോടെ മറ്റൊരു സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് ലഭിക്കുകയാണ്. മാര്‍ച്ച് 12 മമ്മൂട്ടിക്കും ബാബുവിനും നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം.