മലയാള സിനിമ ലളിതമായ കഥകളുള്ള ചിത്രങ്ങളിലേക്ക് ചുവടുമാറുകയാണ്. വലിയ വലിയ സംഭവങ്ങളല്ല, നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ നടക്കുന്ന ചെറിയ കാര്യങ്ങളിലേക്ക് ക്യാമറ വയ്ക്കാനാണ് പുതിയ കാലത്തെ സംവിധായകര്‍ക്കിഷ്ടം. തിരക്കഥാകൃത്തുകളും അങ്ങനെയുള്ള ചിന്താഗതിക്കാരാണ്. ലോഹിതദാസിനെപ്പോലെ ചിന്തിക്കുന്നവരുടെ ഒരു തലമുറ വളര്‍ന്നുവരുന്നു എന്നത് സന്തോഷകരം തന്നെ.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളെക്കുറിച്ചാണ് മലയാളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. മഹേഷിന്‍റെ പ്രതികാരവും ആക്ഷന്‍ ഹീറോ ബിജുവും. രണ്ടും ലളിതമായ സിനിമകള്‍. രണ്ടുചിത്രങ്ങളെയും വാനോളം പ്രശംസിച്ച് പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരിക്കുന്നു. ബഷീര്‍ കഥ പോലെ സുന്ദരമാണ് മഹേഷിന്‍റെ പ്രതികാരമെന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയോടാണ് എസ് ഐ ബിജു പൌലോസിനെ അന്തിക്കാട് ഉപമിക്കുന്നത്.
'ചാര്‍ലി' എന്ന മനോഹര ചിത്രത്തിലൂടെയാണ് 2016 ന്റെ വാതില്‍ നമ്മുടെ മുന്നില്‍ തുറന്നത്. ഇപ്പോഴിതാ മഹേഷിന്റെ പ്രതികാരവും ആക്ഷന്‍ ഹീറോ ബിജുവും മോഹിപ്പിച്ചു കൊണ്ട് കടന്നു വന്നിരിക്കുന്നു. മലയാള സിനിമയുടെ വ്യത്യസ്ത മുഖങ്ങളാണ് രണ്ടും.
'മഹേഷ്' ഒരു ബഷീര്‍ കഥ പോലെ സുന്ദരമാണ്. ദിലീഷ് പോത്തനും ശ്യാം പുഷ്കരനും നന്ദി. യാതൊരു വിധ ജാഡയുമില്ലാതെ, പലപ്പോഴും സിനിമയാണെന്ന് പോലും തോന്നിപ്പിക്കാതെ പ്രസാദ മധുരമായൊരു ചിത്രം സമ്മാനിച്ചതിന്. ശുദ്ധമായ നര്‍മ്മം അതിന്റെ പൂര്‍ണതയോടു കൂടി ആവിഷ്കരിച്ചതിന്. ഫഹദ് ഫാസില്‍ മുതല്‍ ശവപ്പെട്ടിയില്‍ കിടക്കുന്ന അമ്മൂമ്മ വരെ അനായാസമായി അഭിനയിച്ചിരിക്കുന്നു - അതൊരു ചെറിയ കാര്യമല്ല.
'ആക്ഷന്‍ ഹീറോ ബിജു' മുന്‍വിധികള്‍ക്കപ്പുറത്തുള്ള സിനിമയാണ്. തിരക്കഥയിലും അവതരണത്തിലും ഇത്രയേറേ പുതുമ മലയാളത്തില്‍ അധികമൊന്നും കണ്ടിട്ടില്ല. മണിച്ചിത്രത്താഴിലെ ഡോക്ടര്‍ സണ്ണിയായി മോഹന്‍ലാല്‍ വന്നപ്പോള്‍ നമുക്ക് ആ കഥാപാത്രത്തെ കണ്ണടച്ച് വിശ്വസിക്കാന്‍ തോന്നിയിരുന്നു. എത്ര വലിയ മനോരോഗമാണെങ്കിലും ഇയാള്‍ മാറ്റിയെടുക്കും എന്ന വിശ്വാസം. ഇന്‍സ്പെക്ടര്‍ ബിജുവിനോടും ആ ഇഷ്ടം നമുക്ക് തോന്നും. സാക്ഷാല്‍ രമേശ് ചെന്നിത്തല മുന്നില്‍ വന്നാലും പറയാനുള്ളത് ബിജു പറയും; ചെയ്യും എന്ന വിശ്വാസം. അത് നിവിന്‍ പോളിയുടെയും ഏബ്രിഡ് ഷൈനിന്റെയും മിടുക്കാണ്.