മഞ്ഞുരുകുന്നു, മമ്മൂട്ടിയെ കാണാന്‍ സുരേഷ്ഗോപിയെത്തി

Webdunia
ബുധന്‍, 23 മാര്‍ച്ച് 2011 (13:24 IST)
PRO
മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മിലുള്ള ശീതസമരം അവസാനിച്ചതായി സൂചന. മമ്മൂട്ടിയുടെ വീട്ടില്‍ സുരേഷ്ഗോപി സന്ദര്‍ശനം നടത്തി. മണിക്കൂറുകളോളം ഇവര്‍ തമ്മില്‍ സംസാരിച്ചു. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി അറിയുന്നു. എന്നാല്‍ ഷാജി കൈലാസ് ഇരുവരെയും നായകന്‍‌മാരാക്കി ചെയ്യാനിരുന്ന ‘കിംഗ് ആന്‍റ് ദി കമ്മീഷണര്‍’ നടക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയൊന്നും ലഭിച്ചിട്ടില്ല.

ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, ആന്‍റോ ജോസഫ് എന്നിവര്‍ക്കൊപ്പkമാണ് സുരേഷ്ഗോപി മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. സുരേഷ്ഗോപിയെ ആലിംഗനം ചെയ്താണ് മമ്മൂട്ടി സ്വീകരിച്ചത്. തന്‍റെ ഹോം തിയേറ്ററില്‍ ‘അവതാര്‍’ എന്ന സിനിമ മമ്മൂട്ടി സുരേഷ്ഗോപിക്കു വേണ്ടി പ്രദര്‍ശിപ്പിച്ചു. ശേഷം ഇരുവരും ചര്‍ച്ചകളിലേക്ക് കടന്നു.

ദ കിംഗ്, കമ്മീഷണര്‍ എന്നീ സിനിമകളിലെ കേന്ദ്ര കഥാപാത്രങ്ങളെ ഒന്നിപ്പിക്കുന്ന കിംഗ് ആന്‍റ് ദ കമ്മീഷണര്‍ എന്ന സിനിമയെക്കുറിച്ച് എല്ലാവരും ചേര്‍ന്ന് ചര്‍ച്ച ചെയ്തു എന്നാണറിയുന്നത്. എന്നാല്‍ സിനിമ ഉപേക്ഷിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കുമോ എന്ന് അറിവായിട്ടില്ല. മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസം മൂലം കിംഗ് ആന്‍റ് ദ കമ്മീഷണര്‍ ഉപേക്ഷിക്കാന്‍ ഷാജി കൈലാസ് തീരുമാനിച്ചതായി മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സിനിമയ്ക്ക് പകരം മമ്മൂട്ടിയെ നായകനാക്കി കിംഗിന്‍റെ രണ്ടാംഭാഗം ഒരുക്കാന്‍ ഷാജി തീരുമാനിച്ചതായി ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയും സുരേഷ്ഗോപിയും തമ്മില്‍ ഇപ്പോള്‍ നടത്തിയ ചര്‍ച്ചയുടെ അന്തിമഫലം എന്തെന്ന് വ്യക്തമല്ല. അതേസമയം മറ്റു ചില റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന ‘കിംഗ് ആന്‍റ് ദ കമ്മീഷണര്‍’ നടന്നാല്‍ അതിന്‍റെ ഭൂരിഭാഗം ഷൂട്ടിംഗും ഡല്‍ഹിയിലായിരിക്കും എന്നാണ്. മേയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കും. ഹൈദരാബാദും ലൊക്കേഷനായിരിക്കും. ഈ സിനിമയ്ക്ക് വേണ്ടി മമ്മൂട്ടി പത്തുകിലോ ഭാരം കുറയ്ക്കാനും മുടി നീട്ടിവളര്‍ത്താനും തീരുമാനിച്ചതായും അറിയുന്നു.