ഭാര്യയുടെ ചിത്രത്തില്‍ ധനുഷ്, പടത്തിന്‍റെ പേര് ‘3’

Webdunia
ശനി, 6 ഓഗസ്റ്റ് 2011 (12:32 IST)
PRO
സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്‍റെ മകളും ധനുഷിന്‍റെ ഭാര്യയുമായ ഐശ്വര്യാ ധനുഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന് ‘3’ എന്ന് പേരിട്ടു. ധനുഷ് നായകനാകുന്ന ചിത്രത്തില്‍ മലയാളിയായ അമലാ പോള്‍ ആണ് നായിക.

മാധ്യമസമ്മേളനം വിളിച്ചുചേര്‍ത്താണ് ഐശ്വര്യാ ധനുഷ് തന്‍റെ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് സരസമായും വിശദമായും മറുപടി നല്‍കിയ ഐശ്വര്യ പക്ഷേ ചിത്രത്തിന്‍റെ പ്രമേയത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയില്ല.

ഓഗസ്റ്റ് 20നാണ് ‘3’ ചിത്രീകരണം ആരംഭിക്കുന്നത്. “ചിത്രത്തിന്‍റെ കഥയേക്കുറിച്ച് ഇപ്പോള്‍ എനിക്കൊന്നും പറയാന്‍ കഴിയില്ല. ഒരുകാര്യം ഉറപ്പുനല്‍കാം. വളരെ റിയലിസ്റ്റിക് ആയ ഒരു എന്‍റര്‍ടെയ്നര്‍ ആയിരിക്കും ഇത്” - ഐശ്വര്യ പറഞ്ഞു.

സൂപ്പര്‍സ്റ്റാറിന്‍റെ മകളായിട്ടും എന്തുകൊണ്ടാണ് ആദ്യചിത്രത്തില്‍ ഒരു സൂപ്പര്‍സ്റ്റാറിനെ നായകനാക്കാതിരുന്നത് എന്ന് ഐശ്വര്യയോട് ചോദിച്ചപ്പോള്‍ ധനുഷാണ് മറുപടി പറഞ്ഞത് - “ഇപ്പോള്‍ ഒരു ചെറിയ ഹീറോയെ നായകനാക്കി തുടങ്ങുകയാണ്. ഇതിനുശേഷം തീര്‍ച്ചയായും സൂപ്പര്‍സ്റ്റാറിനെ വച്ച് ഒരു ചിത്രം ചെയ്യും.”