ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. എസ് എസ് രാജമൌലി ഈ സിനിമയ്ക്ക് കൊടുത്തിരിക്കുന്ന പേര് - ബാഹുബലി: ദി കണ്‍ക്ലൂഷന്‍ എന്നാണ്. എന്നാല്‍ ‘കണ്‍ക്ലൂഷന്‍’ എന്ന് പരാമര്‍ശിച്ചത് ഈ ഭാഗത്തിന്‍റെ കാര്യത്തില്‍ മാത്രമാണെന്നാണ് രാജമൌലി പറയുന്നത്. ബാഹുബലിക്ക് യഥാര്‍ത്ഥത്തില്‍ ഒരു അവസാനമില്ല.
ഈ സിനിമയുടെ മൂന്നാം ഭാഗത്തിന്‍റെ തിരക്കഥ വരെ രാജമൌലി പൂര്‍ത്തിയാക്കി വച്ചിരിക്കുകയാണെന്നാണ് വിവരം. ബാഹുബലിയുടെ ആദ്യഭാഗത്ത് പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ രണ്ടാം ഭാഗത്തോടെ അവസാനമാകും. അതായത് ബാഹുബലിയുടെ രണ്ടാം ഭാഗം പൂര്‍ണതയുള്ളതായിരിക്കും. എന്നാല്‍ വ്യത്യസ്തമായ മറ്റൊരു കഥയിലേക്ക് ബാഹുബലിയുടെ മൂന്നാം ഭാഗം കടക്കുകയും ചെയ്യും. ബാഹുബലിയുടെ നാലും അഞ്ചും ഭാഗങ്ങളുടെ കഥകളും ഉടന്‍ തയ്യാറാക്കുമെന്നാണ് വിവരം.
അടുത്ത ഒരു പത്തുവര്‍ഷത്തേക്ക് രാജമൌലിയും പ്രഭാസുമൊക്കെ ബാഹുബലിയില്‍ തന്നെ തുടരാനുള്ള സാധ്യതയാണ് ഇതോടെ കാണുന്നത്. അതിന് ശേഷമേ മറ്റ് പ്രൊജക്ടുകളിലേക്ക് രാജ്യത്തെ ഒന്നാം നമ്പര്‍ സംവിധായകന്‍ ശ്രദ്ധ തിരിക്കാനിടയുള്ളൂ.
കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ഒരു ഹിന്ദിച്ചിത്രം സംവിധാനം ചെയ്യാനുള്ള ഓഫറും രാജമൌലിയെ ആകര്‍ഷിച്ചിട്ടുണ്ട്. എന്നാല്‍ തല്‍ക്കാലം ബാഹുബലിയുടെ തിരക്കില്‍ തന്നെയാണ് രാജമൌലി, മറ്റൊരു വിശേഷങ്ങള്‍ക്കും അദ്ദേഹം ചെവികൊടുക്കുന്നില്ല.