ബാംഗ്ലൂര്‍ ഡെയ്സില്‍ നയന്‍സും, ഇനി കോടിക്കിലുക്കം തമിഴില്‍!
വ്യാഴം, 25 ജൂണ്‍ 2015 (14:49 IST)
മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ബാംഗ്ലൂര്‍ ഡെയ്സിന്റെ തമിഴ് റീമേക്ക് അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രീകരണം അമ്പതുശതമാനത്തോളം പൂര്‍ത്തിയായതായാണ് വിവരം. ഈ ചിത്രത്തില്‍ നയന്‍താരയും അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
മലയാളത്തില്‍ നിത്യാ മേനോന് അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ നയന്‍സ് അവതരിപ്പിക്കുന്നത്. റാണ ദഗ്ഗുബാട്ടി, ആര്യ, ബോബി സിംഹ, ശ്രീദിവ്യ, റായ് ലക്ഷ്മി തുടങ്ങിയവരാണ് മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
‘ബൊമ്മറിലു’ എന്ന മെഗാഹിറ്റ് തെലുങ്ക് ചിത്രത്തിന്റെ സംവിധായകന് ഭാസ്കര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ‘അര്ജുന്, ദിവ്യ മട്രും കാര്‍ത്തിക്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്നറിയുന്നു.
അഞ്ജലി മേനോനാണ് മലയാളത്തില്‍ ബാംഗ്ലൂര്‍ ഡെയ്സ് ഒരുക്കിയത്. അന്‍വര്‍ റഷീദ് നിര്‍മ്മിച്ച സിനിമ ദൃശ്യത്തെയും മറികടക്കുന്ന ബോക്സോഫീസ് കളക്ഷനാണ് നേടിയത്.