ഫഹദ് ഫാസില്‍ ഇപ്പോഴും ‘സിംഗിള്‍’ !

ചൊവ്വ, 6 ഒക്‌ടോബര്‍ 2015 (14:55 IST)
ഫഹദ് ഫാസില്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിന് ‘സിംഗിള്‍’ എന്ന് പേരിട്ടു. ജോഷി സംവിധാനം ചെയ്യുന്ന ഈ സിനിമ പൂര്‍ണമായും ഒരു കോമഡിച്ചിത്രമാണ്. നവംബര്‍ 10ന് ചിത്രീകരണം ആരംഭിക്കും.
 
ഇമ്മാനുവല്‍, അഛാ ദിന്‍ എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയ എ സി വിജീഷ് ആണ് സിംഗിളിന് തിരക്കഥ രചിക്കുന്നത്. ഇമ്മാനുവലിലും ഫഹദ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
 
തിരുവനന്തപുരമാണ് സിംഗിളിന്‍റെ പ്രധാന ലൊക്കേഷന്‍. നായികയെയും മറ്റ് താരങ്ങളെയും തീരുമാനിച്ചിട്ടില്ല. ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം സതീഷ് കുറുപ്പ്.
 
റണ്‍ ബേബി റണ്ണിന് ശേഷം ജോഷി ചെയ്ത ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ലോക്‍പാല്‍, സലാം കാശ്മീര്‍, അവതാരം, ലൈലാ ഓ ലൈലാ എന്നീ വന്‍ ബജറ്റ് സിനിമകള്‍ അക്ഷരാര്‍ത്ഥത്തില്‍ ബോക്സോഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. ലൈല ഓ ലൈലയും വീണതോടെ അല്‍പ്പം ഇടവേളയെടുക്കാന്‍ ജോഷി തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ഏറെ തയ്യാറെടുപ്പുകളോടെയെത്തുന്ന ‘സിംഗിള്‍’ വീണ്ടും തിയേറ്ററുകളില്‍ പണക്കിലുക്കത്തിന്‍റെ ജോഷി മാജിക് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.

വെബ്ദുനിയ വായിക്കുക