പ്രത്യുഷ മാത്രമല്ല, ഭൂമിയില്‍ നിന്ന് പാതിവഴിയില്‍ അകന്നുപോയ നക്ഷത്രങ്ങള്‍ അനവധി!

Webdunia
ശനി, 9 ഏപ്രില്‍ 2016 (17:46 IST)
ഇന്ത്യൻ സിനിമകളുടെ ഇന്നലകളില്‍ നിരവധി താരങ്ങളാണ് മരണത്തെ സ്വയം വരിച്ചത്. താരങ്ങളുടെ പ്രതീക്ഷിക്കതെയുള്ള വേര്‍പാട് പ്രേക്ഷകര്‍ വേദനയോടെയാണ് പലപ്പോഴും കേട്ടുനിന്നത്. ചലച്ചിത്ര മേഘലയില്‍ കത്തിജ്വലിച്ചു നില്‍ക്കുന്ന സമയത്താണ് ഇവരില്‍ പലരും ജീവിതം സ്വയം അവസാനിപ്പിച്ചത്. മരിക്കാതെ ഇന്നും അവര്‍ നമ്മുടെ മനസില്‍ ജീവിക്കുന്നു. 
 
ദിവ്യ ഭാരതി
 
ചലച്ചിത്ര ലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയായിരുന്നു ദിവ്യ ഭാരതി. പതിമൂന്നാം വയസിലാണ് ദിവ്യ സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീടുള്ള ആറുവര്‍ഷംകൊണ്ട് ഇന്ത്യന്‍ സിനിമലോകത്ത് മാറ്റിനിര്‍ത്താന്‍ പറ്റാത്ത താരമായി ദിവ്യ വളര്‍ന്നിരുന്നു. 1993ല്‍ പത്തൊമ്പതാം വയസിലായിരുന്നു ദിവ്യയുടെ മരണം. അപ്പാര്‍ട്ട്മെന്റില്‍ നിന്നും താഴെ വീണാണ് ദിവ്യ മരിച്ചതെന്ന് പൊലീസ് പറയുമ്പോഴും മരണത്തിലെ ദുരൂഹത ഇപ്പോഴും മാറാതെ നില്‍ക്കുന്നു. പ്രണയ തകര്‍ച്ചയേത്തുടര്‍ന്ന് ദിവ്യ ആത്മഹത്യ ചെയ്തതാണെന്ന് ചിലര്‍ വിശ്വസിക്കുന്നു.
 
ജിയ ഖാന്‍
 
‘നിശബ്‌ദ്’ എന്ന ചിത്രത്തിലൂടെയാണ് ജിയ ഖാന്‍ സിനിമാലോകത്തേക്ക് എത്തിയത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ഗജനിയിലും ഹൌസ് ഫുള്ളിലും അഭിനയിച്ചു. ബിഗ് ബിയാണ് അവസാന ചിത്രം. മോഡല്‍ രംഗത്തും കഴിവു തെളിയിച്ച ജിയ മികച്ച ഗായിക കൂടിയായിരുന്നു. ബ്രിട്ടീഷ് അമേരിക്കന്‍ പൌരത്വമുള്ള ജിയ 2013 ജൂണ്‍ 3ന് ഇരുപത്തിയഞ്ചാം വയസില്‍ മുംബൈയിലെ വസതിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കാമുകന്‍ കൊന്നതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചതിനേത്തുടര്‍ന്ന് കേസ് സി ബി ഐ അന്വേഷിച്ച് വരികയാണ്.
 
ഗുരുദത്ത്
 
ചുരുങ്ങിയ കാലത്തിനിടയില്‍ ഒട്ടനവധി മറാക്കാനാവാത്ത ചിത്രങ്ങളാണ് ഗുരുദത്ത് ഹിന്ദി സിനിമാലോകത്തിന് നല്‍കിയത്. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് അങ്ങനെ സിനിമയിലെ എല്ലാ മേഖലയിലും ഗുരുദത്ത് തിളങ്ങിനിന്നു. മുപ്പത്തൊമ്പതാം വയസില്‍ മുബൈയിലെ വാടകവീട്ടില്‍  ഗുരുദത്തിനെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യത്തില്‍ ഉറക്ക് ഗുളിക ചേര്‍ച്ച് ഗുരുദത്ത് ആത്മഹത്യ ചെയ്തെന്നാണ് കരുതപ്പെടുന്നത്. ഭാര്യയുമായി വന്ന അകല്‍ച്ചയാണ് ഗുരുദത്തിനെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് വാര്‍ത്തകള്‍.
 
സില്‍ക് സ്മിത
 
മലയാളി മനസുകളില്‍ ഇന്നും മരിക്കാതെ ജീവിക്കുന്ന നടിയാണ് സില്‍ക് സ്മിത. സില്‍ക് സ്മിതയുടെ ഗ്ലാമര്‍ വേഷങ്ങള്‍ യുവാക്കളുടെ മനംകവര്‍ന്ന നാളുകളായിരുന്നു അത്. വിജയലക്ഷ്മി വദ്‌ലപതി എന്നാണ് ശരിയായ പേര്. മലയാള സിനിമാലോകത്ത് ഗ്ലാമര്‍ വേഷങ്ങളിലൂടെ ഇത്ര പ്രശസ്തി നേടിയ മറ്റൊരു നടി ഉണ്ടാകില്ലെന്ന് ഉറപ്പാണ്. 
 
ചലച്ചിത്ര രംഗത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ മുപ്പത്തിയാറാം വയസിലിലാണ് സില്‍ക്ക് സ്മിത സ്വയം ജീവിതം അവസാനിപ്പിച്ചത്.  സാമ്പര്‍ത്തിക പ്രതിസന്ധി, പ്രണയത്തകര്‍ച്ച, മദ്യപാനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് സില്‍കിനെ ആത്മഹത്യയിലേക്ക് നയിച്ചത്.
 
വിവേക ബാബാജി
 
മോഡല്‍ രംഗത്തിലൂടെയാണ് വിവേക ബാബാജി അരങ്ങേറ്റം കുറിച്ചതെങ്കിലും ‘കാമസൂത്രയുടെ’ പരസ്യത്തിലൂടെയാണ് വിവേക പ്രശസ്തയാകുന്നത്. 2010ല്‍ വിവേക സ്വന്തം ഫ്ലാറ്റില്‍ തൂങ്ങി മരിക്കുകയായിരുന്നു. പ്രണയത്തകര്‍ച്ചയും വിഷാദവുമാണ് നടിയുടെ ആത്മഹത്യക്ക് പിന്നിലെന്ന തരത്തിലാണ് വര്‍ത്തകള്‍ പുറത്തുവന്നത്.
 
പ്രവീണ്‍ ബാബി
 

2005 ജനുവരി 22നാണ് പ്രവീണ്‍ ബാബിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പത്രവും പാലും ദിവസങ്ങളായി വീടിന് മുന്നില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍‌വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡയബറ്റീസ് രോഗത്തേ തുടര്‍ന്നുഉള്ള വിഷാദമാണ് പ്രവീണ്‍ ബാബി ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് പൊലീസ് നിഗമനം. ‘ചരിത്ര’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. നമക് ഹലായ്, കാലാ പത്തര്‍, ദില്‍ ആക്കിര്‍ ദില്‍ ഹൈ എന്നീ ചിത്രങ്ങലിലൂടെ പ്രശസ്തയായി.
 
മയൂരി
 
ആകാശ ഗംഗ, സമ്മര്‍ ഇന്‍ ബത്‌ലേഹേം, അരയന്നങ്ങളുടെ വീട്, പ്രേംപൂജാരി, ചന്ദാമാമ തുടങ്ങിയ ചിത്രങ്ങളിലുടെ മലയാള ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്ന താരമായിരുന്നു മയൂരി. മന്മഥന്‍, കനാകണ്ടേന്‍, വിസില്‍, റെയിന്‍ബോ തുടങ്ങിയ തമിഴ്ചിത്രങ്ങളിലും അഭിനിയിച്ചിട്ടുണ്ട്. 
 
അണ്ണാനഗറിലുള്ള വസതിയില്‍ മയൂരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും ജീവിതത്തിലുളള പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നുമുള്ള കത്ത് എഴുതിവച്ച ശേഷമാണ് മയൂരി ആത്മഹത്യ ചെയ്തത്.
 
പ്രത്യുഷ ബാനര്‍ജി
 
ബാലിക വധു എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തയായ നടിയാണ് പ്രത്യുഷ ബാനര്‍ജി.  കാമുകനായ രാഹുല്‍ രാജുമായുള്ള പ്രശ്നമാണ് ഇരുപത്തിനാലാം വയസില്‍ പ്രത്യുഷ ആത്മഹത്യ ചെയ്യാന്‍ കാരണം. ഏപ്രില്‍ ഒന്നിന് മുംബൈയിലെ ഫ്ലാറ്റില്‍ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
 
ബാലികാ വധു എന്ന സീരിയലില്‍ ആനന്ദി എന്ന ശ്രദ്ധേയമായ കഥാപാത്രത്തേയാണ് പ്രത്യുഷ അവതരിപ്പിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം