പ്രകാശ്‌രാജല്ല; മോഹന്‍‌ലാലിന്റെ വില്ലന്‍ ശങ്കര്‍ രാമകൃഷ്ണന്‍

Webdunia
ചൊവ്വ, 13 മാര്‍ച്ച് 2012 (20:09 IST)
PRO
PRO
രഞ്ജിത്ത് മോഹന്‍‌ലാലിനെ നായകനാക്കി ഒരുക്കുന്ന സ്പിരിറ്റ് എന്ന ചിത്രത്തില്‍ പ്രകാശ്‌രാജും ഒരു പ്രധാന വേഷത്തില്‍ എത്തും എന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്രകാശ്‌രാജിന് പകരം ശങ്കര്‍ രാമകൃഷ്ണനായിരിക്കും ചിത്രത്തില്‍ പ്രതിനായകവേഷത്തിലെത്തുക എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. രഞ്ജിത്തിന്റെ ശിഷ്യനാണ് തിരക്കഥാകൃത്തും സംവിധായകനും കൂടിയായ ശങ്കര്‍ രാമകൃഷ്ണന്‍.

സ്വഭാവത്തിലെ വ്യത്യസ്തത കൊണ്ട് നഗരത്തില്‍ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന രഘുനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘ഈഗോയിസ്റ്റ്’ ആയ കഥാപാത്രമാണ് ചിത്രത്തില്‍ മോഹന്‍‌ലാലിന്റേത്. ഈ കഥാപാത്രത്തിന്റെ എതിര്‍‌ഭാഗത്ത് വരുന്ന വേഷമായിരിക്കും ശങ്കര്‍ രാമകൃഷ്ണന്. ലീല എന്ന ചിത്രം ശങ്കര്‍ രാമകൃഷ്ണനെ നായകനാക്കി രഞ്ജിത്ത് നേരത്തെ ആലോചിച്ചിരുന്നു. എന്നാല്‍ സ്പിരിറ്റ് എന്ന ചിത്രം ആദ്യം തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.

കനിഹയാണ് സ്പിരിറ്റിലെ നായിക. തിലകനും നെടുമുടി വേണുവും ചിത്രത്തില്‍ അഭിനയിക്കുന്നു. ആശീര്‍വാദ് സിനിമാസ് ആണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. വേണുവാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. തിരുവനന്തപുരമാണ് പ്രധാന ലൊക്കേഷന്‍.