പൊന്നാനിബാധയൊഴിഞ്ഞു; കമല്‍ തിരക്കിലേക്ക്

Webdunia
ചൊവ്വ, 17 മാര്‍ച്ച് 2009 (18:50 IST)
PROPRO
പൊന്നാനിയില്‍ ആരു സ്ഥാനാര്‍ത്ഥിയായാലും വേണ്ടില്ല, താന്‍ സ്ഥാനാര്‍ത്ഥിയാവില്ലെന്ന് ആവര്‍ത്തിച്ചുറപ്പിച്ച് സംവിധായകന്‍ കമല്‍ കഥയെഴുതാന്‍ തുടങ്ങി. തന്‍റെ പുതിയ സിനിമയുടെ തിരക്കഥാരചനയിലാണ് അദ്ദേഹം. ദിലീപ് നായകനാകുന്ന സിനിമയാണ് കമല്‍ ഉടന്‍ ചെയ്യുന്നത്.

മൂന്ന് സിനിമകളുടെ ആലോചനകള്‍ നടന്നുകൊണ്ടിരിക്കെയാണ് കമലിനെ തേടി സി പി ഐ നേതാക്കള്‍ വീട്ടിലെത്തിയത്. പൊന്നാനിയില്‍ രണ്ടത്താണിക്ക് പകരം മത്സരിച്ച് സഹായിക്കാമോ എന്നായിരുന്നു സി പി ഐ നേതാക്കളുടെ ചോദ്യം. ബുദ്ധിമാനായ സംവിധായകന്‍ അങ്ങും ഇങ്ങും തൊടാതെ മറുപടി കൊടുത്തു. സി പി എം പിന്തുണച്ചാല്‍ മത്സരിക്കാം, രണ്ടത്താണി പിന്‍‌മാറിയാല്‍ ഒരുകൈ നോക്കാം എന്നൊക്കെയുള്ള രീതിയില്‍. ഇതു രണ്ടും നടക്കില്ലെന്ന് മനസില്‍ ഉറപ്പുണ്ടെങ്കിലും, ഒരു സ്ഥാനാര്‍ത്ഥിമോഹം കമലിന്‍റെ ഉള്ളില്‍ ഉദിച്ചിരുന്നു എന്നത് പരമാര്‍ത്ഥം.

എം എന്‍ വിജയനുമായി ബന്ധമുണ്ടായിരുന്നു എന്ന ന്യായം നിരത്തി സി പി എം നേതൃത്വം ഇടങ്കോലിട്ടതോടെ കമല്‍ പൊന്നാനിക്കാര്യം വിട്ട് തിരക്കഥാരചനയിലേക്ക് മടങ്ങി. പൂര്‍ണമായും ലക്ഷദ്വീപില്‍ ചിത്രീകരിക്കുന്ന ഒരു സിനിമയാണ് ദിലീപിനെ നായകനാക്കി കമല്‍ ലക്‍ഷ്യമിടുന്നത്.

മറ്റൊരു വിവരം, ദിലീപിന്‍റെ നൂറാമത് ചിത്രം സംവിധാനം ചെയ്യുന്നതും കമല്‍ ആയിരിക്കും എന്നതാണ്. ഈ സിനിമയില്‍ അസിനെ നായികയാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ നായകന്‍‌മാരാക്കിയും ഓരോ പ്രൊജക്ടുകള്‍ കമല്‍ ആലോചിച്ചുവരികയാണ്. അതിനിടെ എന്തു പൊന്നാനി? ഏതു പൊന്നാനി? അല്ലേ?....