പെരുച്ചാഴി കാണാം - തമിഴിലും കന്നഡയിലും തെലുങ്കിലും ഹിന്ദിയിലും!

Webdunia
ബുധന്‍, 20 ഓഗസ്റ്റ് 2014 (15:03 IST)
ഒരു വരവ് തന്നെയാണ്. പെരുച്ചാഴിയുടെ വരവ്. ടീസറും ട്രെയിലറും പാട്ടുമൊക്കെ കണ്ടില്ലേ? കൂടെയിറങ്ങുന്ന സിനിമകളോടെന്നോണം രസകരമായൊരു പാട്ടുണ്ട് - പോ മോനേ ദിനേശാ...

മോഹന്‍ലാലും മുകേഷും ഒന്നിക്കുന്ന ഈ സിനിമ മലയാളത്തില്‍ മാത്രമൊതുങ്ങില്ല. തമിഴിലും തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും പെരുച്ചാഴി കാണാം. ഈ ഭാഷകളിലൊക്കെ പെരുച്ചാഴി റീമേക്ക് ചെയ്യാനൊരുങ്ങുകയാണ് സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്‍.

അമേരിക്കയില്‍ മാത്രം പറയാന്‍ പറ്റുന്നൊരു കഥയാണ് പെരുച്ചാഴിയുടേത്. എഴുപത് ശതമാനം ഷൂട്ടിംഗും അമേരിക്കയിലായിരുന്നു. ഷൂട്ടിംഗ് തീര്‍ന്ന ദിവസം മോഹന്‍ലാല്‍ പറഞ്ഞത്രേ - നല്ലൊരു പിക്നിക് കഴിഞ്ഞതുപോലെ!

'അടിച്ചുപൊളിക്കാന്‍ പെരുച്ചാഴി' എന്നുള്ള പാട്ടൊക്കെ വന്‍ ഹിറ്റാണ്. ട്രെയിനുകള്‍ മുഴുവന്‍ പെരുച്ചാഴിയുടെ പരസ്യം പതിച്ചുള്ള നൂതനമായ പരസ്യതന്ത്രവും ക്ലിക്കായി.

എന്തായാലും മോഹന്‍ലാലും മുകേഷും ഒരുമിച്ച് സമ്മാനിക്കുന്ന ഈ ഓണസദ്യ ഗംഭീരമാകുമെന്ന് നിശ്ചയം. മറ്റ് കൂട്ടരൊക്കെ ഒന്ന് കരുതിയിരുന്നോ - സര്‍വ്വതും പെരുച്ചാഴി അടിച്ചോണ്ടുപോകാതെ.