പൃഥ്വി മോഹിച്ച ‘ജൂണ്‍’ ഇനി സംവൃത!

Webdunia
ചൊവ്വ, 14 ജൂലൈ 2009 (18:38 IST)
PROPRO
പൃഥ്വിരാജിന് ഒരു പ്രണയമുണ്ട്. അതൊരു പുതിയ കാര്യമല്ലല്ലോ എന്നാവും ചിന്തിക്കുക. എന്നാല്‍ ഇതങ്ങനെയല്ല, ഒരു പെണ്‍കുട്ടിയെ പൃഥ്വി യഥാര്‍ത്ഥത്തില്‍ സ്നേഹിച്ചിരുന്നു. അവളെ ജീവനെക്കാള്‍ പ്രണയിച്ച് സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഓസ്ട്രേലിയയിലെ പഠനകാലത്തായിരുന്നു അത്.

‘ജൂണ്‍’ എന്നായിരുന്നു ആ പെണ്‍കുട്ടിയുടെ പേര്. ജൂണ്‍ ഒരു ഫ്രഞ്ചുകാരിയായിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരിയായ പെണ്‍കുട്ടി ജൂണാണെന്നാണ് പൃഥ്വിയുടെ അഭിപ്രായം. അവളോടുള്ള പ്രണയം തുറന്നു പറയണമെന്ന് വിചാരിച്ചിരിക്കവേയാണ് ആ സത്യം പൃഥ്വി മനസിലാക്കുന്നത്. ജൂണ്‍ ഒരു ലെസ്ബിയനാണ്!

ഇക്കാര്യം മനസിലാക്കിയെങ്കിലും അവളോടുള്ള സ്നേഹത്തിന് ഒരു കുറവും വന്നില്ല പൃഥ്വിക്ക്. അവര്‍ ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ഇപ്പോള്‍ ഈ കഥ പറഞ്ഞതിന്‍റെ കാരണം എന്താണെന്നാണോ ചിന്തിക്കുന്നത്? പറയാം...

ആ കൂട്ടുകാരിയുടെ പേര് തന്‍റെ ഒരു നായികയ്ക്ക് നല്‍കിയിരിക്കുകയാണ് പൃഥ്വി ഇപ്പോള്‍. പുതിയ സിനിമയായ ‘രഘുപതി രാഘവ രാജാറാം’ എന്ന ചിത്രത്തില്‍ പൃഥ്വിയുടെ നായികയായെത്തുന്ന സംവൃതയുടെ കഥാപാത്രത്തിന്‍റെ പേര് ‘ജൂണ്‍’ എന്നാണ്. ഒരു ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയായാണ് സംവൃത ചിത്രത്തില്‍ അഭിനയിക്കുന്നത്.

പൃഥ്വിയും സംവൃതയും തമ്മില്‍ പ്രണയത്തിലാണെന്ന് ഒരു വാര്‍ത്ത കുറച്ചുനാള്‍ മുമ്പ് ഗോസിപ്പുകളില്‍ നിറഞ്ഞിരുന്നു. ഈ വാര്‍ത്ത ഉറപ്പിക്കുവാന്‍ ഗോസിപ്പ് പ്രേമികളെ സഹായിക്കുകയാണ് പുതിയ വിവരം. തന്‍റെ നഷ്ടപ്രണയിനിയെ സംവൃതയില്‍ കണ്ടതുകൊണ്ടാണോ ‘ജൂണ്‍’ എന്ന പേര് സംവൃതയുടെ കഥാപാത്രത്തിന് പൃഥ്വി നല്‍കിയത്?

താനല്ല, തിരക്കഥാകൃത്തും സംവിധായകനുമാണ് കഥാപാത്രങ്ങള്‍ക്ക് പേര് നിശ്ചയിക്കുന്നതെന്ന് പൃഥ്വി വാദിച്ചേക്കും. എന്നാല്‍ പൃഥ്വിയുടെ നിര്‍ദ്ദേശപ്രകാരമാണ് സംവൃതയെ ‘ജൂണ്‍’ ആക്കിയതെന്നാണ് അണിയറ സംസാരം.