പൃഥ്വിരാജ്, അത് ചെയ്യൂ... ഷങ്കറിന്‍റെ പ്രശംസ താങ്കള്‍ക്കും കിട്ടും!

ശനി, 6 ഫെബ്രുവരി 2016 (17:16 IST)
തമിഴകത്ത് ഇപ്പോള്‍ തരംഗമായി മാറിയിരിക്കുന്ന സിനിമയാണ് മാധവന്‍ നായകനായ ‘ഇരുതി സുട്ര്’. മാധവന്‍ ബോക്സിംഗ് കോച്ചായി അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ പുതുമുഖം റിതിക സിംഗാണ് നായിക. ചിത്രത്തെ പ്രകീര്‍ത്തിച്ച് ഇന്ത്യന്‍ സിനിമയിലെ തന്നെ ഒന്നാം നിര സംവിധായകനായ ഷങ്കര്‍ രംഗത്തെത്തിയിരിക്കുന്നു.
 
“ ‘ഇരുതി സുട്ര്’ - ‘വനിതകള്‍ക്കുള്ള ഒരു സല്യൂട്ട്’. സംവിധായിക സുധയുടെ ഒരു വലിയ ശ്രമം. റിതികയുടെയും മാഡിയുടെയും സൂപ്പര്‍ പ്രകടനം. സന്തോഷ് നാരായണന്‍റെ മികച്ച സംഗീതം” - തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ ഷങ്കര്‍ കുറിച്ചു. 
 
ബോക്സിംഗ് വിഷയമാകുന്ന ഈ സിനിമയെ ഷങ്കര്‍ പ്രശംസിച്ചത് ആ സിനിമയുടെ ടീമിന് മുഴുവന്‍ പുതിയ ഉണര്‍വാണ് നല്‍കിയിരിക്കുന്നത്. മലയാളത്തിന്‍റെ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിനും ഇതുപോലെ ഒരു വലിയ പ്രശംസ ലഭിക്കാന്‍ സാധ്യതയുണ്ട്. പൃഥ്വി തന്‍റെ സ്വപ്നം നടപ്പാക്കിയാല്‍ അത് ലഭിക്കുമെന്ന് ഉറപ്പിച്ചുപറയാം.
 
പൃഥ്വിരാജിനും ബോക്സറായി അഭിനയിക്കാന്‍ മോഹമുണ്ട്. ബോക്സിംഗ് വിഷയമാകുന്ന ഒരു ചിത്രത്തില്‍ നായകനാകണമെന്ന ആഗ്രഹം മാധ്യമങ്ങളുമായി പൃഥ്വി പങ്കുവച്ചിരുന്നു. റോക്കി എന്ന ഇംഗ്ലീഷ് സിനിമ കുട്ടിക്കാലത്ത് കണ്ടതുമുതല്‍ ഈ ആഗ്രഹം ഉദിച്ചതാണെന്നും പൃഥ്വിരാജ് പറയുന്നു.
 
ബോക്സറായി അഭിനയിക്കാന്‍ പൃഥ്വിരാജിന് ആഗ്രഹമുണ്ടെന്നറിഞ്ഞ് സംവിധായകരും തിരക്കഥാകൃത്തുക്കളും അത്തരമൊരു കഥയുണ്ടാക്കാന്‍ പരക്കം പായുന്നതായി മോളിവുഡില്‍ അടക്കിപ്പിടിച്ച വര്‍ത്തമാനമുണ്ട്.
 
ഈ പ്രൊജക്ട് സാധ്യമായാല്‍ ഇരുതി സുട്രില്‍ മാധവന് ലഭിച്ചതുപോലെ ഷങ്കറിന്‍റെ അഭിനന്ദനം മലയാളത്തിന്‍റെ അഭിമാനതാരത്തെയും തേടിയെത്തുകതന്നെ ചെയ്യും.

വെബ്ദുനിയ വായിക്കുക