പൃഥ്വിരാജും നിവിന്‍ പോളിയുമോ? ഞാന്‍ അറിഞ്ഞില്ല!

Webdunia
ശനി, 19 ജൂലൈ 2014 (15:56 IST)
'ഏഴാമത്തെ വരവ്' വലിയ വിജയമായില്ല. പക്ഷേ സിനിമ നല്ലതായിരുന്നു. അതുകൊണ്ടുതന്നെ കൊമേഴ്സ്യലായി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്ന സിനിമ ഒരുക്കാനായിരിക്കും സംവിധായകന്‍ ഹരിഹരന്‍ ഇനി ശ്രമിക്കുക. അതിന്‍റെ ജോലികളിലുമാണ് ഹരിഹരന്‍.

ഇതിനിടയിലാണ് ചില മാധ്യമങ്ങളില്‍ ഹരിഹരന്‍റെ അടുത്ത സിനിമകളിലെ നായകന്‍‌മാരെ പ്രഖ്യാപിച്ചുകൊണ്ടുള്ള വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഹരിഹരന്‍ ചെയ്യുന്ന അടുത്ത രണ്ടുചിത്രങ്ങളില്‍ യഥാക്രമം പൃഥ്വിരാജും നിവിന്‍ പോളിയും നായകന്‍‌മാരാകുമെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യം താന്‍ അറിഞ്ഞിട്ടില്ലെന്നാണ് ഹരിഹരന്‍ പ്രതികരിച്ചത്.

"ഞാന്‍ ഒരു തിരക്കഥാരചനയിലാണ് എന്നത് സത്യമാണ്. എന്‍റെ നിര്‍മ്മാണക്കമ്പനിയായ ഗായത്രി സിനിമ എന്‍റര്‍പ്രൈസസിനുവേണ്ടിയാണ് ചിത്രം. എന്നാല്‍ എന്‍റെ സിനിമയിലെ താരങ്ങളെ ഞാന്‍ നിശ്ചയിച്ചിട്ടില്ല. പൃഥ്വിയും നിവിനും എന്‍റെ സിനിമകളിലെ താരങ്ങളാക്കി നിശ്ചയിച്ചതാരെന്ന് എനിക്കറിയില്ല. തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമേ ഞാന്‍ അഭിനേതാക്കളെ തീരുമാനിക്കുകയുള്ളൂ" - ഹരിഹരന്‍ വ്യക്തമാക്കി.

ഹരിഹരന്‍ അടുത്തതായി ചെയ്യുന്നത് ഒരു പ്രണയചിത്രമായിരിക്കുമെന്നാണ് സൂചന. അതിന് ശേഷം എം ടിയുടെ തിരക്കഥയില്‍ ഒരു ബിഗ് പ്രൊജക്ടും ഹരിഹരന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.