പൃഥ്വിരാജിന് കൈലാഷിനെ ഭയം?

Webdunia
ബുധന്‍, 20 ജനുവരി 2010 (12:50 IST)
PRO
സമീപകാലത്ത് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള പുതുമുഖ നായകന്‍‌മാര്‍ വളരെ കുറവാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായ ‘നീലത്താമര’യില്‍ ഹരിദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കൈലാഷ് മലയാള സിനിമയില്‍ ചുവടുറപ്പിക്കുമെന്നു തന്നെയാണ് സിനിമാ വിദഗ്ധരുടെ അഭിപ്രായം. സൌന്ദര്യവും അഭിനയത്തികവും ഫ്ലെക്സിബിലിറ്റിയും നല്ല ശബ്ദവും കൈലാഷിന്‍റെ ഗുണങ്ങളാണ്.

നീലത്താമരയ്ക്ക് ശേഷം കൈലാഷ് മറ്റ് ചിത്രങ്ങളുടെ കരാറുകളില്‍ ഒന്നും ഒപ്പുവച്ചിട്ടില്ല. വളരെ ശ്രദ്ധയോടെ ഓരോ ചുവടും മുന്നോട്ടുവയ്ക്കാനാണ് ഈ യുവതാരത്തിന്‍റെ തീരുമാനം. എന്നാല്‍, കൈലാഷിന്‍റെ വരവ് മലയാളത്തിലെ പല താരങ്ങളെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നാണ് അണിയറ വര്‍ത്തമാനം. കൈലാഷ് പുതിയ താരമായി ഉയര്‍ന്നാല്‍ തങ്ങളുടെ കസേരകള്‍ക്ക് ഇളക്കം സംഭവിക്കുമോയെന്ന് അവരില്‍ പലരും സംശയിക്കുന്നുവത്രേ.
PRO


നീലത്താമരയില്‍ കൈലാഷിന്‍റെ ഇന്‍‌ട്രൊഡക്ഷന്‍ സീനില്‍ വടക്കന്‍ ജില്ലകളിലെ തിയേറ്ററുകളില്‍ വന്‍ കയ്യടിയാണ് ഉണ്ടായത്. “അനുരാഗവിലോചനനായി..” എന്ന സൂപ്പര്‍ഹിറ്റ് ഗാനരംഗവും വടക്കന്‍ ജില്ലകളില്‍ നന്നായി സ്വീകരിക്കപ്പെട്ടു. എന്നാല്‍ തിരുവനന്തപുരത്തെ ചില തിയേറ്ററുകളില്‍ കൈലാഷിന്‍റെ രംഗങ്ങള്‍ക്ക് മിക്ക ഷോയിലും കൂവലുയര്‍ന്നു. കൈലാഷിന്‍റെ രംഗങ്ങള്‍ വരുമ്പോഴൊക്കെ കൂവിയാണ് അവര്‍ വരവേറ്റത്.

ഇതിനു പിന്നില്‍ പൃഥ്വിരാജിന്‍റെ ആരാധകരാണെന്നാണ് സിനിമാരംഗത്തെ തന്നെ ചിലരുടെ അഭിപ്രായപ്രകടനം. അടുത്തകാലത്ത് ഒരു മുന്‍‌നിര തിരക്കഥാകൃത്ത് ഇക്കാര്യം പരോക്ഷമായി അഭിമുഖങ്ങളിലൊക്കെ സൂചിപ്പിക്കുകയും ചെയ്യുന്നു. തന്‍റെ അടുത്ത ഹൊറര്‍ സിനിമയില്‍ പൃഥ്വിക്ക് പകരം ഈ തിരക്കഥാകൃത്ത് മനസില്‍ കണ്ടിരിക്കുന്നത് കൈലാഷിനെയാണത്രേ. മാത്രമല്ല, പൃഥ്വിയ്ക്കായി ആലോചിച്ചുവന്ന പല കഥകളും ചുരുങ്ങിയ ചെലവില്‍ കൈലാഷിനെ നായകനാക്കി ചിത്രീകരിക്കാമെന്ന് ചില സംവിധായകര്‍ കണക്കുകൂട്ടുന്നുണ്ടത്രേ. ഇതോടെയാണ് പൃഥ്വിയുടെ ആരാധകര്‍ കൈലാഷിനെതിരെ നീങ്ങിത്തുടങ്ങിയതെന്നാണ് സംസാരം.