ഓരോ കാലത്തെയും യുവതാരങ്ങളുമായി ചേര്‍ന്ന് സിനിമ ചെയ്തിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട്. മോഹന്‍ലാലും ജയറാമും ദിലീപും ഫഹദും നിവിന്‍ പോളിയുമൊക്കെ സത്യന്‍ ചിത്രങ്ങളിലെ നായകന്‍മാരായത് അങ്ങനെയാണ്. സത്യന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്നു എന്ന വാര്‍ത്തയും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു.
ഒരു ഇന്ത്യന്‍ പ്രണയകഥ ചെയ്തപ്പോള്‍ ഫഹദിന്‍റെ പ്രകടനം മോഹന്‍ലാലിനെ അനുസ്മരിപ്പിക്കും വിധത്തില്‍ ഉള്ള റേഞ്ചിലായിരുന്നു എന്നാണ് സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടിട്ടുള്ളത്. സന്‍മനസുള്ള സമാധാനം പോലെ ഒരു സിനിമ താന്‍ ഇന്ന് ചെയ്തിരുന്നെങ്കില്‍ അതില്‍ അഭിനയിക്കുന്നത് ഫഹദ് ആകുമായിരുന്നു എന്നും സത്യന്‍ പറഞ്ഞിട്ടുണ്ട്. യുവതാരങ്ങളെ ഇത്രയും ഇഷ്ടപ്പെടുന്ന സത്യന്‍ അന്തിക്കാട് എന്തുകൊണ്ടാണ് പൃഥ്വിരാജിനെ കാണാതിരിക്കുന്നത് എന്നത് പൃഥ്വി ആരാധകരുടെ ഏറ്റവും വലിയ സംശയമാണ്.
പൃഥ്വിരാജിനെ നായകനാക്കി ഒരു സിനിമ സത്യന്‍ അന്തിക്കാട് ഇതുവരെ ചെയ്തിട്ടില്ല. ഒന്നര പതിറ്റാണ്ടോളമായി മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായി നിലനില്‍ക്കുന്ന താരമാണ് പൃഥ്വിരാജ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയും യഥാര്‍ത്ഥ പിന്‍ഗാമിയെന്ന് സിനിമാരംഗത്തെ പ്രമുഖര്‍ പോലും അഭിപ്രായപ്പെടുന്ന നടന്‍. എന്നിട്ടും സത്യന്‍ അന്തിക്കാടും പൃഥ്വിരാജും ഇതുവരെ ഒത്തുചേര്‍ന്നില്ല എന്നത് കൌതുകമുണര്‍ത്തുന്ന സംഗതിയാണ്.
സത്യന്‍ അന്തിക്കാടിന്‍റെ ട്രേഡ് മാര്‍ക്കായ കുടുംബചിത്രങ്ങള്‍ക്ക് ഏറ്റവും അനുയോജ്യനായ നടന്‍ തന്നെയാണ് പൃഥ്വിരാജ്. ഒട്ടേറെ കുടുംബചിത്രങ്ങളില്‍ പൃഥ്വി നായകനാകുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മലയാളത്തിലെ കുടുംബപ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍ എന്ന നിലയില്‍ പൃഥ്വിയെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരു സിനിമ ചെയ്താല്‍ അത് വലിയ വിജയമാകുമെന്നും ഉറപ്പ്.
എന്നിട്ടും എന്തുകൊണ്ടാവും സത്യന്‍ അന്തിക്കാട് പൃഥ്വിയെ നായകനാക്കി ഒരു സിനിമ ആലോചിക്കാത്തത്? നല്ലകാര്യങ്ങള്‍ ചിലപ്പോള്‍ വളരെ താമസിച്ചുമാത്രമേ സംഭവിക്കാറുള്ളൂ എന്ന് ആശ്വസിക്കാം, അല്ലേ?