പൃഥ്വിയെ തഴഞ്ഞ അമല ജീവയോടൊപ്പം!

Webdunia
തിങ്കള്‍, 11 ജൂലൈ 2011 (14:16 IST)
PRO
പൃഥ്വിരാജിനാണോ തമിഴ് നടന്‍ ജീവയ്ക്കാണോ സ്റ്റാര്‍ വാല്യു കൂടുതല്‍? കുഴപ്പിക്കുന്ന ചോദ്യമാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ അഭിനയിക്കുന്ന നടനാണ് പൃഥ്വിരാജ്. ജീവയാകട്ടെ തമിഴകത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന നടന്‍. എന്തായാലും, അമല പോള്‍ എന്ന യുവ നടി ജീവയ്ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്.

‘ഇന്ത്യന്‍ റുപ്പീ’ എന്ന ചിത്രത്തിലേക്ക് പൃഥ്വിരാജിന്‍റെ നായികയാകാന്‍ അമല പോളിനെ സംവിധായകന്‍ രഞ്ജിത് ക്ഷണിച്ചിരുന്നു. എന്നാല്‍ ‘ഡേറ്റില്ല’ എന്ന ഒറ്റവാക്കില്‍ ആ ഓഫര്‍ നിരസിക്കുകയാണ് അമല ചെയ്തത്.

എന്നാല്‍ മിഷ്കിന്‍ സംവിധാനം ചെയ്യുന്ന ജീവ ചിത്രം ‘മുഖം‌മൂടി’യില്‍ അമല പോളിനെ നായികയായി നിശ്ചയിച്ചിരിക്കുന്നു എന്നാണ് പുതിയ വാര്‍ത്ത. ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായ ‘മുഖം‌മൂടി’ യു ടി വി മോഷന്‍ പിക്ചേഴ്സാണ് നിര്‍മ്മിക്കുന്നത്. ആ ചിത്രത്തിലേക്ക് ക്ഷണമെത്തിയത് അമല പോളിനെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

“മുഖം‌മൂടിയില്‍ അഭിനയിക്കുന്നതിന്‍റെ അവസാന തീരുമാനം ആയിട്ടില്ല. യു ടി വിയുടെ ദൈവതിരുമകള്‍ ഈയാഴ്ച റിലീസ് ചെയ്യുകയാണ്. അടുത്തയാഴ്ചയോടെ ഞാന്‍ അഭിനയിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമാകും” - വിക്രം നായകനാകുന്ന ദൈവത്തിരുമകളിലെ ഒരു നായിക അമല പോളാണ്.

“എന്നേത്തേടി ഒട്ടേറെ നല്ല കഥാപാത്രങ്ങള്‍ വരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. സംവിധായകര്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഞാന്‍ നന്ദി പറയുന്നു” - മലയാളിയായ അമല പോള്‍ പറയുന്നു.

മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ രഞ്ജിത്തും ബിഗ് സ്റ്റാര്‍ പൃഥ്വിരാജും ഒരുമിക്കുന്ന സിനിമ വേണ്ടെന്നുവച്ച അമല ഉടനെയൊന്നും മലയാളത്തിലേക്കില്ല എന്ന തീരുമാനത്തിലാണ്. തനിക്ക് ഇപ്പോള്‍ കൈനിറയെ അവസരങ്ങളുള്ള തമിഴകത്തെ ഒന്നാം നമ്പര്‍ നായികയാകുകയാണ് അമല പോളിന്‍റെ ലക്‍ഷ്യം.