പൃഥ്വിയെയും ഇന്ദ്രനെയും മോഹന്‍ലാല്‍ വിഴുങ്ങുമോ?

Webdunia
വെള്ളി, 11 മാര്‍ച്ച് 2011 (14:06 IST)
PRO
പൃഥ്വിരാജും ഇന്ദ്രജിത്തും വീണ്ടും ഒന്നിച്ച ‘സിറ്റി ഓഫ് ഗോഡ്’ ഏറെ പ്രതീക്ഷകള്‍ നല്‍കുന്ന ചിത്രമാണ്. ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഈ സിനിമ കഴിഞ്ഞ ദിവസം സെന്‍സര്‍ ചെയ്തു. പക്ഷേ, ചില സാമ്പത്തിക കുരുക്കുകളില്‍ പെട്ടതുകാരണം ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. സിനിമ ഉടന്‍ തന്നെ റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാര്‍ച്ച് ഒമ്പത്, 11 എന്നിങ്ങനെ റിലീസ് ഡേറ്റ് മാറുകയും പിന്നീട് വ്യക്തമായ ഒരു തീയതി അറിയിക്കാന്‍ സിറ്റി ഓഫ് ഗോഡിന്‍റെ നിര്‍മ്മാതാക്കള്‍ക്ക് സാധിക്കാതെ പോകുകയും ചെയ്തു. ട്രെയിലറും ഗാനങ്ങളും പ്രേക്ഷകരില്‍ ഏറെ ആകാംക്ഷ ഉയര്‍ത്തിയിരിക്കുന്ന അവസ്ഥയില്‍ റിലീസ് ഡേറ്റ് അനിശ്ചിതത്വത്തിലായിരിക്കുന്നത് സിനിമയ്ക്ക് ദോഷം ചെയ്യും. റീമ കല്ലിങ്കലിനെ വളരെ ഹോട്ടായി അവതരിപ്പിക്കുന്ന ഗാനരംഗം ഇതിനകം തന്നെ ചര്‍ച്ചാവിഷയമായിക്കഴിഞ്ഞു.

എന്നാല്‍ സിറ്റി ഓഫ് ഗോഡ് റിലീസ് നീണ്ടാല്‍, വലിയൊരു അപകടം ആ സിനിമയെ കാത്തിരിക്കുന്നുണ്ട്. അടുത്തയാഴ്ച(മാര്‍ച്ച് 18) മോഹന്‍ലാലിന്‍റെ ബിഗ് ബജറ്റ് ചിത്രം ക്രിസ്ത്യന്‍ ബ്രദേഴ്സ് പ്രദര്‍ശനത്തിനെത്തുകയാണ്. ജോഷി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശരത്കുമാര്‍, സുരേഷ്ഗോപി, ദിലീപ് തുടങ്ങിയ സൂപ്പര്‍സ്റ്റാറുകളും അണിനിരക്കുന്നുണ്ട്. മുന്നൂറോളം തിയേറ്ററുകളിലാണ് ക്രിസ്ത്യന്‍ ബ്രദേഴ്സ് എത്തുന്നത്. അതുകൊണ്ടുതന്നെ അടുത്തയാഴ്ച മുതല്‍ കേരളം ക്രിസ്ത്യന്‍ ബ്രദേഴ്സ് തരംഗത്തിലായിരിക്കും.

ഇതിനിടയില്‍ സിറ്റി ഓഫ് ഗോഡ് റിലീസ് ചെയ്യുന്നത് ആത്മഹത്യാപരമായ നടപടിയായിരിക്കുമെന്നാണ് സിനിമാ വിദഗ്ധരുടെ അഭിപ്രായം. പൃഥ്വിരാജിന് ഒരു വിജയം ഏറ്റവും അനിവാര്യമായിരിക്കുന്ന ഈ സമയത്ത്, അദ്ദേഹത്തിന്‍റെ ഏറെ പ്രതീക്ഷയുള്ള ഒരു സിനിമയെ ക്രിസ്ത്യന്‍ ബ്രദേഴ്സിനെപ്പോലെ ഒരു ബ്രഹ്മാണ്ഡചിത്രത്തിന് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുന്നത് ബുദ്ധിയാവില്ല. നിര്‍മ്മാതാക്കള്‍ ശരിയായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കാം.