പുലിമുരുകന്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ മാസ് എന്‍റര്‍ടെയ്നര്‍, ചെലവ് കേട്ടാല്‍ ഞെട്ടും!

Webdunia
വ്യാഴം, 11 ഫെബ്രുവരി 2016 (14:55 IST)
മോഹന്‍ലാലിന്‍റെ പുലിമുരുകന്‍ അണിയറയില്‍ ഒരുങ്ങുകയാണ്. 20 കോടി രൂപയാണ് ചെലവ്. നേരത്തേ പഴശ്ശിരാജയ്ക്ക് മാത്രമാണ് ഇതിനോടടുത്ത തുക ചെലവിട്ടത്.
 
മലയാള സിനിമയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ ബോക്സോഫീസ് റെക്കോര്‍ഡുകളും പുലിമുരുകന്‍ മറികടക്കുമെന്നാണ് സൂചന. അത്രയും ഗംഭീര മാസ് എന്‍റര്‍ടെയ്നറായിരിക്കും വൈശാഖ് ഒരുക്കുന്ന ഈ സിനിമയെന്നാണ് റിപ്പോര്‍ട്ട്. ഉദയ്കൃഷ്ണയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ടോമിച്ചന്‍ മുളകുപ്പാടമാണ് നിര്‍മ്മാണം.
 
മോഹന്‍ലാല്‍ എന്ന താരവിസ്മയത്തെ പരമാവധി ഉപയോഗപ്പെടുത്തുന്ന ഒരു ബ്രഹ്മാണ്ഡ ആക്ഷന്‍ ത്രില്ലറായിരിക്കും പുലിമുരികന്‍. പീറ്റര്‍ ഹെയ്നാണ് ചിത്രത്തിന്‍റെ സംഘട്ടന സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ പീറ്റര്‍ ഹെയ്ന്‍ ഒരു സിനിമയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് ഇതാദ്യമാണ്.
 
കൊടും വനങ്ങള്‍ക്കുള്ളിലാണ് പുലിമുരുകനിലെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിക്കുന്നത്. തായ്‌വാനും ബാങ്കോക്കുമാണ് പ്രധാന ലൊക്കേഷനുകള്‍. പുലികള്‍ ഉള്‍പ്പെട്ട ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിന്‍റെ ഹൈലൈറ്റായിരിക്കും. 
 
മോഹന്‍ലാല്‍ 90 ദിവസത്തെ ഡേറ്റാണ് ആദ്യം നല്‍കിയിരിക്കുന്നത്. അത് കൂടാനാണ് സാധ്യത. മൊത്തം 140 ദിവസത്തെ ഷൂട്ടിംഗ് ആണ് ആദ്യം പ്ലാന്‍ ചെയ്തതെങ്കിലും അതില്‍ നില്‍ക്കില്ല എന്നാണ് സൂചന. പല ഷെഡ്യൂളുകളായി ഇതിനകം തന്നെ ആറുമാസം നീണ്ട ചിത്രീകരണമാണ് പൂര്‍ത്തിയായത്.