കൂതറ, മിസ്റ്റര്‍ ഫ്രോഡ്, പെരുച്ചാഴി - മോഹന്‍ലാല്‍ അഭിനയിച്ച് അടുത്ത കാലത്ത് തിയേറ്ററുകളിലെത്തിയ സിനിമകളാണ്. ഇവ ബോക്സോഫീസ് ദുരന്തങ്ങളായി മാറിയപ്പോള്‍ ലാലും വിഷമത്തിലായി. ദൃശ്യം പോലെ നല്ല തിരക്കഥകളില്‍ മാത്രമേ ഇനി അഭിനയിക്കുകയുള്ളൂ എന്ന തീരുമാനവും താരം കൈക്കൊണ്ടു.
'ലൈലാ ഓ! ലൈലാ' എന്ന റൊമാന്‍റിക് ത്രില്ലറിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമല പോള്‍ ആണ് നായിക. 'റണ്‍ ബേബി റണ്‍' എന്ന മെഗാഹിറ്റിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതീക്ഷയും ഇരട്ടിയാകും.
ജയമോഹന്‍ എന്ന ബിസിനസുകാരനായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. അമല പോള്‍ അവതരിപ്പിക്കുന്ന അഞ്ജലി എന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നതോടെ അയാളുടെ ജീവിതം മാറിമറിയുകയാണ്. ജയമോഹനും ബിസിനസ് പങ്കാളി ഷഹീദ് ഖാദറുമായുള്ള ബന്ധവും ഉലയുന്നു. അത്യന്തം സങ്കീര്‍ണമായ ഈ കഥയാണ് തിരക്കഥാകൃത്ത് സുരേഷ് നായര്‍ പ്രേക്ഷകര്‍ക്കായി കാത്തുവച്ചിരിക്കുന്നത്.
സുരേഷ് നായരുടെ ഏറ്റവും പുതിയ തിരക്കഥയായ 'ബാംഗ് ബാംഗ്' നൂറുകോടി ക്ലബില്‍ പ്രവേശിച്ചുകഴിഞ്ഞു. ഈ മാജിക് ലൈലാ ഓ! ലൈലയുടെ കാര്യത്തിലും ആവര്‍ത്തിക്കുമോ?. ആവര്‍ത്തിച്ചാല്‍ ആശ്വാസം മോഹന്‍ലാലിന് മാത്രമായിരിക്കില്ല. ലോക്‍പാല്‍, അവതാരം തുടങ്ങി പരാജയസിനിമകളുടെ തുടര്‍ച്ച അനുഭവിക്കുന്ന ജോഷിക്കും അതില്‍ നിന്ന് ഒരു മോചനമായിരിക്കും ഇത്.