പരസ്യമില്ല, ട്രാഫിക്കിന്‍റെ സംവിധായകന് സങ്കടം!

Webdunia
ശനി, 19 ഫെബ്രുവരി 2011 (15:07 IST)
PRO
ട്രാഫിക് നല്ല സിനിമയാണ്. ഏല്ലാവരും അത് അംഗീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതൊരു നല്ല ചിത്രമാണെന്ന് ആള്‍ക്കാര്‍ അറിയണമെങ്കില്‍ അതിന് അത്യാവശ്യം പരസ്യവും പ്രൊമോഷന്‍ പരിപാടികളും വേണ്ടേ? അതും പ്രമോഷന്‍ പരിപാടികള്‍ സിനിമകളേക്കാള്‍ ഗംഭീരമാക്കാന്‍ മത്സരിക്കുന്ന ഇക്കാലത്ത്.

സംവിധായകന്‍ രാജേഷ് പിള്ളയുടെയും സങ്കടം അതാണ്. ട്രാഫിക്കിന് മൌത്ത് പബ്ലിസിറ്റി മാത്രമാണ് ലഭിക്കുന്നതെന്ന് രാജേഷ് പിള്ള പരിതപിക്കുന്നു. നല്ല പ്രൊമോഷന്‍ പരിപാടികളും പത്രങ്ങളിലും ചാനലുകളിലും പരസ്യങ്ങളും നല്‍കാന്‍ നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മടി കാണിക്കുന്നതെന്തിനെന്ന് സംവിധായകനും മനസിലാകുന്നില്ല. സിനിമ മെഗാഹിറ്റായെങ്കിലും ലോംഗ് റണ്ണിന് സഹായകമാകുന്ന ഒരു നടപടിയും നിര്‍മ്മാതാവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് രാജേഷ് പിള്ളയുടെ പരാതി.

സൂപ്പര്‍സ്റ്റാറുകളോ ബിഗ് നെയിമുകളോ ഇല്ലാതെയാണ് ട്രാഫിക് വന്‍ ഹിറ്റായി മാറിയത്. സഞ്ജയ് - ബോബി ടീമിന്‍റെ തിരക്കഥയുടെ മികവായിരുന്നു വിജയത്തിന് അടിസ്ഥാനമായി മാറിയത്. രാജേഷ് പിള്ളയുടെ സംവിധായക മികവും കുഞ്ചാക്കോ ബോബന്‍, റഹ്മാന്‍, ശ്രീനിവാസന്‍, അനൂപ് മേനോന്‍ തുടങ്ങിയ താരങ്ങളുടെ അഭിനയമികവും സിനിമയ്ക്ക് സഹായകമായി.

എന്നാല്‍ എല്ലാ പോസിറ്റീവ് ഘടകങ്ങളുടെയും പ്രഭ കുറയ്ക്കുന്നതാണ് നിര്‍മ്മാതാവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള നടപടി. മികച്ച പ്രചരണ പരിപാടികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ നല്ല സിനിമയെ കൂടുതല്‍ ജനങ്ങളിലെത്തിക്കാനുള്ള ശ്രമം വിജയിക്കൂ എന്ന് സംവിധായകന്‍ പറയുന്നു.